കൊച്ചി: കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതി അബ്‌ദുല്‍ ഹാലിമിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ ഒരാള്‍ക്കു ജാമ്യം അനുവദിക്കുന്നത് ഇതാദ്യമാണ്.
ഹാലിമിന്റെ വിചാരണ തടവ് നിയമ വിരുദ്ധമാണന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. 330 ലേറെ ദിവസങ്ങളിലായി തടവിലാണെന്നും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹാലിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണു കോടതി ഉത്തരവ്. ഒരു വര്‍ഷത്തിലേറെ തടവില്‍ കഴിയുന്ന തനിക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്നും ഹാലിം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്‍ഐഎ നിയമമനുസരിച്ച് കേസന്വേഷണ കാലയളവില്‍ ഒരു പ്രതിയെ 180 ദിവസത്തില്‍ കടുതല്‍ തടവില്‍ വയ്‌ക്കണമെങ്കില്‍ വിചാരണക്കോടതിയുടെ അനുമതി വേണമെന്നും ഈ നടപടിക്രമം പാലിക്കാതെയാണ് പ്രതിയെ തടവില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്‌ട്യാ കുറ്റം ബോധ്യപ്പെട്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. 2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട് കെഎസ്‌ആര്‍ടിസി, മൊഫ്യൂസില്‍ സ്‌റ്റാന്‍ഡുകളിലാണ് സ്‌ഫോടനം നടന്നത്. ഹാലിം അടക്കമുള്ള ഏഴംഗ സംഘമാണു സ്‌ഫോടനം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സൂഫിയ മഅദനി പ്രതിയായ കളമശേരി ബസ് കത്തിക്കല്‍ കേസിലും ഹാലിമിനു പങ്കുണ്ടെന്നു സംസ്‌ഥാന അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.
Discussion about this post