ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കും
ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ടോയെന്നു കണ്ടെത്തുന്നതിനായി ജുഡീഷല്‍ അന്വേഷണം നടത്തുമെന്നു തമിഴ്‌നാട് സര്‍ക്കാര്‍. വിരമിച്ച ഹൈക്കോടതി ജഡ്ജി അന്വേഷണത്തിനു നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റില്‍ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനനീക്കങ്ങള്‍ക്കു ആക്കംകൂട്ടുന്നതാണ് തീരുമാനം. അന്വേഷണകമ്മീഷന്‍ തലവന്റെ പേരു പിന്നീടു പ്രഖ്യാപിക്കും. അണികള്‍ അമ്മ എന്നുവിളിക്കുന്ന ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കാനും തീരുമാനിച്ചു. സ്മാരകമായി മാറ്റുന്ന വേദനിലയത്തില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണം വേണമെന്നതു അണ്ണാഡിഎംകെയില്‍ മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ കുടുംബാംഗങ്ങളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നതാണു രണ്ടാമത്തേത്. അനധികൃത സ്വത്ത് സന്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ബംഗളൂരുവില്‍ ജയില്‍വാസം അനുഭവിക്കുകയാണിപ്പോള്‍.
ആറു തവണ സംസ്ഥാനത്ത് മുഖ്യമന്ത്രിപദത്തിലിരുന്നയാളിന്റെ വസതി എന്ന നിലയിലാണ് വേദനിലയം സ്മാരകമായി മാറ്റുന്നത്- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ദിണ്ഡിഗല്‍ സി.ശ്രീനിവാസന്‍, ഡി.ജയകുമാര്‍, പി. തങ്കമണി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ, വേദനിലയത്തില്‍ സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തെ പനീര്‍ശെല്‍വത്തിനൊപ്പമുള്ള മുന്‍മന്ത്രി കെ.പാണ്ഡ്യരാജന്‍ സ്വാഗതം ചെയ്തു. മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതോടെ അണ്ണാ ഡിഎംകെയിലെ ലയനം ആസന്നമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശശികല കുടുംബത്തിനെതിരേ പനീര്‍ശെല്‍വം തുടങ്ങിയ ധര്‍മയുദ്ധത്തിന്റെ വിജയമാണു തീരുമാനം-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 22 നാണു ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസം നീണ്ട ആശുപത്രിവാസത്തിനൊടുവില്‍ ഡിസംബര്‍ അഞ്ചിനു ജയലളിത അന്തരിച്ചു.
അന്വേഷണതീരുമാനത്തെ ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ സ്വാഗതം ചെയ്തു. ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Discussion about this post