തിരുവനന്തപുരം: മലമ്പുഴയില്‍ ബിജെപി സിപിഎമ്മുമായി ധാരണയിലാണെന്ന കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍ നിന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ഇതിനു സമാനമായ ആരോപണമാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപിക്കെതിരെ ഉന്നയിച്ചത്. പരാജയം മുന്നില്‍ കണ്ടായിരുന്നു അന്ന് സിപിഎമ്മിന്റെയും ആരോപണമെന്ന് മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി ബി.കെ.ശേഖറിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മുമായി ആശയ രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നൂറ്റിയമ്പതോളം പ്രവര്‍ത്തകരുടെ ജീവന്‍ ബലിദാനം നല്‍കിയ പ്രസ്ഥാനമാണ് ബിജെപി. എല്ലാക്കാലത്തും സിപിഎം അക്രമത്തിനെതിരെ പ്രതികരിച്ചിട്ടുള്ളതും ബിജെപിയാണ്. ബിജെപിക്കെതിരായി സിപിഎമ്മിനെ ചേര്‍ത്ത് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ പുതിയ അധ്യായം രചിക്കും. രണ്ടു മാസംമുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ പാടെ വ്യത്യസ്തമായ രാഷ്ട്രീയ കാലാവസ്ഥയാണിപ്പോള്‍. പെണ്‍വാണിഭക്കേസുകള്‍, കേന്ദ്രസര്‍ക്കാരിലെ അഴിമതി തുടങ്ങിയവയുടെ ഒക്കെ ഫലമായി യുഡിഎഫിനെ ജനങ്ങള്‍ വെറുത്തു കഴിഞ്ഞു. ഈ അടുത്ത ദിവസങ്ങളില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 19 ശതമാനത്തോളം സമ്മതിദായകര്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.
ഭരണകക്ഷിയായ സിപിഎം വേണ്ടായെന്നാണ് ജനങ്ങളുടെ അഭിപ്രായം. എന്നാല്‍ കോണ്‍ഗ്രസ് വേണമെന്നും അവര്‍ക്ക് അഭിപ്രായമില്ല. അതേ സമയം ആരുവേണമെന്ന അന്വേഷണത്തിലാണ് ഈ വിഭാഗം ജനങ്ങള്‍. ഇരുമുന്നണികള്‍ക്കും എതിരായി മറ്റൊരു ശക്തി വളര്‍ന്നു വരണമെന്നാണ് ഈ ജനവിഭാഗങ്ങള്‍ ആഗ്രഹിക്കുന്നത്. സിപിഎമ്മിനും കോണ്‍ഗ്രസിനും എതിരായി ജനവികാരം ഇപ്പോള്‍ ശക്തമായി വളര്‍ന്നു വരുന്നുണ്ട്. ഈ വിശകലനത്തിന്റെ വെളിച്ചത്തിലാണ് ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നുതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. ബിജെപി 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മലമ്പുഴയില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ജനതാദള്‍ യു വിലെ അഡ്വ.പി.കെ.മജീദാണ് സ്ഥാനാര്‍ത്ഥി. അദ്ദേഹം നാമനിര്‍ദ്ദേശപത്രികയും സമര്‍പ്പിച്ചു കഴിഞ്ഞു. കാര്യങ്ങളറിയാതെയല്ല കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരെ വിവാദം ഉയര്‍ത്തിയിട്ടുള്ളത്. മറിച്ച് കോണ്‍ഗ്രസിനെതിരായി ഉയരുന്ന ആരോപണങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് അവരുടെ ശ്രമം. മാത്രമല്ല, ഇത് മുന്‍കൂര്‍ ജാമ്യമെടുക്കല്‍ കൂടിയാണ്. സിപിഎം സ്ഥാനാര്‍ത്ഥികളായ ജയരാജന്‍, തോമസ്‌ഐസക്ക് തുടങ്ങിയവര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതെന്തിനാണെന്ന് കോണ്‍ഗ്രസുകാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Discussion about this post