തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം നല്‍കി. രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം ബിരുദം സമ്മാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക അതിഥിയായി ചടങ്ങില്‍ സംബന്ധിച്ചു. രാവിലെ പത്തു മണിക്ക് ചാന്‍സലറുടെ സാന്നിധ്യത്തില്‍ സെനറ്റ് യോഗം ചേര്‍ന്ന് ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ബിരുദം നല്‍കുന്നത് അംഗീകരിച്ചു. 11.25ന് മുഖ്യമന്ത്രി പിണറായി വിജയനും ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും വേദിയിലെത്തി. ശേഷം രജിസ്ട്രാറുടെ നേതൃത്വത്തില്‍ സെനറ്റ്, സിന്‍ഡിക്കേറ്റ്, ഫാക്കല്‍റ്റി ഡീന്‍ അംഗങ്ങളടങ്ങിയ ഘോഷയാത്ര ഹാളിലെത്തി. ചാന്‍സലര്‍ പി. സദാശിവം, പ്രോചാന്‍സലര്‍ പ്രെഫ. സി. രവീന്ദ്രനാഥ്, വൈസ് ചാന്‍സലര്‍ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രോ വൈസ്ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. അബ്ദുള്‍ മജീദ് എന്നിവര്‍ വേദിയില്‍ നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇരുന്നു. 11.36ന് ബിരുദദാന ചടങ്ങുകള്‍ ആരംഭിച്ചു. ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ബിരുദം സമ്മാനിക്കുന്നതായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അറിയിച്ചു. വൈസ്ചാന്‍സലര്‍ സമ്മാനപത്രം വായിച്ചു. തുടര്‍ന്ന് ചാന്‍സലര്‍ ഡീലിറ്റ് ബിരുദം സുല്‍ത്താന് നല്‍കി. രജിസ്ട്രാര്‍ നല്‍കിയ ബിരുദദാന രജിസ്റ്ററില്‍ ചാന്‍സലര്‍ ഒപ്പുവച്ചു.
ബിരുദദാന ചടങ്ങിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. അന്താരാഷ്ട്ര ഇടപെടലുകള്‍, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് സര്‍വകലാശാല ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഡീലിറ്റ് സമ്മാനിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ഡോ. കെ. ടി. ജലീല്‍, കെ. കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഗവര്‍ണറുടെ പത്‌നി സരസ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു. ഷേക്ക് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷേക്ക് സലേം ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖാസിമി, ഷേക്ക് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, അബ്ദുള്ള ബിന്‍ മൊഹമ്മദ് അല്‍ ഒവൈസ്, മൊഹമ്മദ് ഒബൈദ് അല്‍ സാബി, മുഹമ്മദ് ഹുസൈന്‍ ഖലാഫ്, അഹമ്മദ് സലേം അല്‍ ബയ്‌റാക്ക്, ഇന്ത്യയിലെ യു. എ. ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന, ജമാല്‍ ഹുസൈന്‍ അല്‍ സാബി എന്നിവര്‍ യു. എ. ഇയില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു.
സെനറ്റ് അംഗമായ പി. അബ്ദുള്‍ ഹമീദ് എം. എല്‍. എ, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, തിരുവനന്തപുരം മേയര്‍ വി. കെ. പ്രശാന്ത്, പാണക്കാട് സാദിഖലി ഷിഹാബ് തങ്ങള്‍, സാങ്കേതിക സര്‍വകലാശട്ടല വൈസ് ചാന്‍സലര്‍ കുഞ്ചെറിയ ഐസക്ക്, യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍മാരായ ഡോ. കെ. കെ. എന്‍ കുറുപ്പ്, എം. അബ്ദുള്‍ സലാം, വ്യവസായ ഇ. എം. നജീബ്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, പി. എ. ഇബ്രാഹിം ഹാജി, സെനറ്റ് അംഗവും കായികതാരവുമായ പി. യു. ചിത്ര എന്നിവരും സംബന്ധിച്ചു.
Discussion about this post