തിരുവനന്തപുരം: ശുചിത്വം ശീലവും ജീവിതശൈലിയുമാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ‘സ്വച്ഛതാ ഹി സേവാ’ കാമ്പയിന്റെ ഭാഗമായി രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസരം വൃത്തിയായി സൂക്ഷിക്കുന്നെന്ന് ഉറപ്പാക്കാന്‍ എല്ലാ കേരളീയരും ശ്രദ്ധിക്കണം. വൃത്തിയുള്ള കേരളം ആരോഗ്യമുള്ള കേരളവുമായിരിക്കും. ഇതിലൂടെ വൃത്തിയും ആരോഗ്യവും ശക്തിയുമുള്ള രാജ്യവും ലോകവും സൃഷ്ടിക്കാനാവും. മലിനീകരണമെന്ന നിശബ്ദ കൊലയാളിക്കെതിരെയും പോരാടണം. വായു, ജല മലിനീകരണങ്ങള്‍ നിരവധിപേരുടെ ജീവനെടുക്കുന്നുവെന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ല. ശുചിത്വമുള്ള പരിസരമൊരുക്കുന്നതിലൂടെ സമൂഹത്തെ നാം മലിനീകരണമെന്ന വിപത്തില്‍നിന്ന് പ്രതിരോധിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ‘ഹരിതകേരളം’ മിഷന്‍ ജല മലിനീകരണം തടയുന്നതിലും പച്ചപ്പ് ഉറപ്പാക്കുന്നതിലും മുന്‍കൈയെടുക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ശുചിത്വശീലം പ്രചരിപ്പിക്കാനും വൃത്തിയുള്ള പരിസരം സംരക്ഷിക്കാനും പച്ചപ്പ് ഉറപ്പാക്കാനും നിരവധി പദ്ധതികള്‍ നടത്തിവരികയാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ഒരുമരം മുറിക്കേണ്ടിവന്നാല്‍ 10 മരം നടുകയെന്നതാണ് നയം. വൈദ്യുതിലൈന്‍ സംബന്ധ സുരക്ഷയ്ക്കായി മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കാന്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ ആദ്യഘട്ടത്തിലേ ഇവിടെ നടപ്പാക്കിവരികയാണ്. പ്ലാസ്റ്റിക് കുപ്പികളും പേപ്പര്‍ കപ്പുകളും രാജ്ഭവനില്‍ ഉപയോഗിക്കുന്നില്ല. കൂടാതെ ജൈവകൃഷി, ഔഷധസസ്യ കൃഷി തുടങ്ങിയവയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പഴയ കിണറുകളും വൃത്തിയാക്കി കൃഷി ആവശ്യത്തിനായി ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. ശുചിത്വമിഷന്‍ സഹായത്തോടെ ജൈവമാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചും വളപ്പിലെ കൊഴിഞ്ഞ ഇലകള്‍ വളമാക്കാനുള്ള പദ്ധതികളും നടപ്പാക്കി പരിസ്ഥിതി സൗഹൃദ കാമ്പസ് ആക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രഥമ പൗരനെന്ന നിലയ്ക്ക് ഇത്തരം മാതൃകകള്‍ സൃഷ്ടിക്കേണ്ടത് തന്റെ കടമയാണ്. ഒത്തൊരുമിച്ച് വൃത്തിയുള്ള, പച്ചപ്പുള്ള, ആരോഗ്യമുള്ള സമൂഹം നമുക്ക് സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, സെക്രട്ടറി ദേവേന്ദ്രസിംഗ് ദൊഡാവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു
Discussion about this post