തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തി നടന്നുവന്ന സമരം ഒത്തുതീര്‍പ്പായി. ജില്ലാ കളക്ടറും സമരസമിതിയുമായുളള ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തിയത്. ചര്‍ച്ച തൃപ്തികരമായിരുന്നെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കും. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം മേല്‍നോട്ട സമിതിക്ക് രൂപം നല്‍കും. മരമടി തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പുനഃരാരംഭിക്കുകയും ഈ മാസം മുപ്പതിനകം കൊടുത്തുതീര്‍ക്കുകയും ചെയ്യും. പത്തുദിവസത്തിനകം മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യത ഉറപ്പു വരുത്തും. ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നു ജില്ലാ കളക്ടര്‍ കെ.വാസുകി സമരസമിതിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു.
സമരം ഒത്തുതീര്‍പ്പായതോടെ 10 ദിവസമായി മുടങ്ങിക്കിടക്കുന്ന തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും.
Discussion about this post