ന്യൂദല്‍ഹി: എസ്‌എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ കേരള ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭരണഘടനാ ബെഞ്ചിനു വിടണമെന്നും ഹൈക്കോടതിയില്‍ കേസ് തീര്‍പ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നുമുള്ള പിണറായിയുടെ ആവശ്യവും അംഗീകരിച്ചില്ല.
കേരളത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ലാവലിന്‍ കേസില്‍ ഏഴാംപ്രതിയായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കൊടുക്കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനം റദ്ദാക്കി ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയാണ് അതനുവദിച്ചത്. ഗവര്‍ണറുടെ നടപടി മൗലികാവകാശലംഘനമാണെന്നാരോപിച്ചാണ് പിണറായി സുപ്രീംകോടതിയില്‍ എത്തിയത്. എന്നാല്‍ ഇത് മൗലികാവകാശലംഘനമല്ലെന്ന് ജസ്റ്റിസുമാരായ എച്ച്.എസ്. ബേദി, സി.ആര്‍. പ്രസാദ് എന്നിവരടങ്ങിയ പുതിയ ബെഞ്ച് വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ പിന്മാറിയ സാഹചര്യത്തിലാണ് കേസ് പുതിയ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരമുള്ള പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ബെഞ്ച് പിണറായിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രോസിക്യൂഷന് അനുമതി കൊടുത്ത ഗവര്‍ണറുടെ നടപടി രാഷ്ട്രീയ വിവാദമാക്കി മാറ്റിയ പിണറായി വിജയനും സിപിഎമ്മിനും സുപ്രീംകോടതി വിധി തിരിച്ചടിയായി. പിണറായിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള പണമിടപാടുകളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിബിഐ കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. ചെന്നൈയില്‍ വ്യവസായിയായ ദീപക്കുമാര്‍ സിബിഐക്ക് നല്‍കിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നേരത്തെ ഉത്തരവിട്ട കൂടുതല്‍ അന്വേഷണത്തിന്റെ പരിധിയില്‍ പണമിടപാടുകളും ഉള്‍പ്പെടുത്തിയത്. ദിലീപ് രാഹുലന്‍ കണ്ണൂരില്‍ വെച്ച് പിണറായിക്ക് രണ്ട് കോടി രൂപ കൈമാറിയപ്പോള്‍ താന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്നാണ് ദീപകിന്റെ വെളിപ്പെടുത്തല്‍. എറണാകുളത്തെ ഒരു ബാങ്കില്‍നിന്നാണ് പണം പിന്‍വലിച്ചതത്രെ. ഇതുകൂടാതെ പിണറായി നടത്തിയ മറ്റ് പണമിടപാടുകളെക്കുറിച്ച് ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ സിബിഐ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയും അന്വേഷണവിധേയമാക്കുന്നതായി സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. പിണറായി നടത്തിയ ദുരൂഹ വിദേശയാത്രകള്‍ തിരുവനന്തപുരം എകെജി സെന്ററിനുവേണ്ടി ദിലീപ് രാഹുലന്‍ വഴി വാങ്ങിയ കോടികള്‍, ഒരു സ്ത്രീയുടെ അക്കൗണ്ടിലൂടെ കൈമാറിയ തുക തുടങ്ങി ഒട്ടേറെ വമ്പന്‍ ഇടപാടുകള്‍ അന്വേഷണവിധേയമാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി മെയ് 24 ന് വീണ്ടും പരിഗണിക്കും.
Discussion about this post