തിരുവനന്തപുരം: വരുന്ന മണ്ഡലകാലം തീരുന്നതുവരെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലകാല തീര്‍ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബോര്‍ഡ് പിരിച്ചു വിട്ടാല്‍ അത് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെയടക്കം ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ, കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് അംഗീകരിച്ചതിനു പിന്നാലെ ഇത് നടപ്പാക്കരുതെന്നും ഗവര്‍ണര്‍ ഒപ്പിടരുതെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
തന്റെ മുന്നിലെത്തിയ ഓര്‍ഡിനന്‍സിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ അത് മടക്കിയിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമാണ് അദ്ദേഹം ഒപ്പുവച്ചത്.
Discussion about this post