കൂത്താട്ടുകുളം: രാമായണ പാരായണത്തിന്റെ അലയൊലികള്‍ ഉയരുന്ന കര്‍ക്കിടക മാസത്തില്‍ തീര്‍ഥാടകരെ വരവേല്‍ക്കാന്‍ രാമപുരത്തെ നാലമ്പലങ്ങള്‍ ഒരുങ്ങി. നാളെ ആരംഭിക്കുന്ന നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്‌ട്. രാമപുരം പഞ്ചായത്തിലെ പ്രകൃതി രമണീയമായ നാല് ഗ്രാമങ്ങളില്‍ മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീരാമ, ലക്ഷ്‌മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ നാലമ്പലങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധമാണ്.
ഇത്രയും ചുരുങ്ങിയ ദൂരത്തില്‍ നാലമ്പല ദര്‍ശനം സാധ്യമാക്കുന്ന കേരളത്തിലെ ഏറ്റവും സൗകര്യപ്രദമായ സംവിധാനമാണിവിടെയെന്ന് നാലമ്പലദര്‍ശന കമ്മിറ്റി സെക്രട്ടറി പി.ആര്‍. രാമന്‍ നമ്പൂതിരി, ക്ഷേത്ര ഭാരവാഹികളായ സോമന്‍ ഐക്കരോട്ട്, കെ.കെ. വിനു, പി.പി രാജേന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാമപുരത്ത് ശ്രീരാമക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറ് മാറി കൂടപ്പുലത്ത് ലക്ഷ്‌മണക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ വടക്ക് മാറി അമനകരയില്‍ ഭരത ക്ഷേത്രവും ഇവിടെ നിന്ന് രണ്‌ടര കിലോമീറ്റര്‍ വടക്ക് കിഴക്കായി മേതിരിയില്‍ ശത്രുഘ്‌ന ക്ഷേത്രവുമാണ് സ്ഥിതി ചെയ്യുന്നത്. ഈ വൈഷ്‌ണവ ക്ഷേത്രങ്ങള്‍ അതിപുരാതനവും ചരിത്രപ്രസിദ്ധവുമാണ്.
ഹൈന്ദവരുടെ പുണ്യമായ നാലമ്പല ദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയതായും ഭാരവാഹികള്‍ അറിയിച്ചു. നാല് ക്ഷേത്രങ്ങളിലും ഡോക്‌ടര്‍മാരും ആംബുലന്‍സ് സര്‍വീസും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്‌ട്. ദൂരെസ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് അമനകരയില്‍ സൗജന്യതാമസസൗകര്യമുണ്‌ടാകും. കെഎസ്‌ആര്‍ടിസി സര്‍ക്കുലര്‍ ബസ് സര്‍വീസും നടത്തും. കര്‍ക്കിടകമാസത്തില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചക്ക് 12 വരെയും വൈകുന്നേരം 5.30 മുതല്‍ രാത്രി 7.30 വരെയുമായിരിക്കും ദര്‍ശനസമയം.
Discussion about this post