മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുകയാണ്. തുടക്കത്തില്‍ തന്നെ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഇന്ത്യയുടെ സഹീര്‍ഖാനാണ് ഉപുല്‍ തരംഗയെ പുറത്താക്കിക്കൊണ്ട് ശ്രീലങ്കയെ ഞെട്ടിപ്പിച്ചത്.
രണ്ട് ഓവറുകളില്‍ റണ്ണൊന്നും വിട്ടു കൊടുക്കാതെയാണ് സഹീര്‍ഖാന്‍ പന്തെറിഞ്ഞത്. ആദ്യം ടോസ് ചെയ്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയായിരുന്നു. എന്നാല്‍ ഗ്യാലറിയിലെ ആരവങ്ങള്‍ക്കിടെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര ടോസ് വിളിച്ചത് ആര്‍ക്കും വ്യക്തമായില്ല. ഇതേത്തുടര്‍ന്ന് മാച്ച് റഫറി രണ്ടാമതും ടോസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ധോണി ചെയ്ത രണ്ടാമത്തെ ടോസില്‍ ഹെഡ്സ് വിളിച്ച് ക്യാപ്റ്റന്‍ സംഗക്കാര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യം ടോസ് വിളിച്ച സമയത്ത് എന്താണ് താന്‍ വിളിച്ചതെന്ന കാര്യം സംഗക്കാര വ്യക്തമാക്കിയിരുന്നെങ്കില്‍ സംശയത്തിന് പരിഹാരമാവുമായിരുന്നു.
മലയാളി താരം ശ്രീശാന്ത് ഫൈനലില്‍ കളിക്കുന്നുണ്ട്. പരുക്കേറ്റ ആശിഷ് നെഹ്‌റയ്ക്ക് പകരമാണ് ശ്രീശാന്ത് കളിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഏഷ്യന്‍ ഫൈനലിനാണ് മുംബൈ വേദിയാകുന്നത്. ലോക കിരീടത്തിനായി ആതിഥേയ രാഷ്ട്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ആദ്യ ലോകകപ്പ് ഫൈനല്‍ കൂടിയാണിത്.
ഇന്ത്യ ലക്ഷ്യമിടുന്നത് രണ്ടാം ലോകകപ്പ് കിരീടമാണ്. 1983ലാണ് ഇന്ത്യ ആദ്യ ലോകകപ്പ് നേടുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യ നേടിയ ബെന്‍സന്‍ ആന്റ് ഹെഡ്ജസ് കപ്പ് അറിയപ്പെടുന്നത് മിനി ലോകകപ്പ് എന്ന പേരിലാണ്. 2007ല്‍ ഇന്ത്യ ട്വന്റി ട്വന്റി ലോകകപ്പും സ്വന്തമാക്കി.
ഏകദിനത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഇതുവരെ ഏറ്റുമുട്ടിയത് 15 ഫൈനലുകളില്‍. ഇതില്‍ ഏഴ് തവണ വീതം കിരീടങ്ങള്‍ സ്വന്തമാക്കി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഒരു ഫൈനല്‍ ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കുവെച്ചു. ഇന്ത്യയുടെ വിജയങ്ങളധികവും 1995ന് മുമ്പായിരുന്നെങ്കില്‍, അതിന് ശേഷം ശ്രീലങ്കയുടെ ആധിപത്യമാണ് കാണാന്‍ കഴിയുന്നത്.
Discussion about this post