ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജ കുറ്റക്കാരനെന്നു സിബിഐ. രാജക്കെതിരെ വഞ്ചന, അധികാര ദുര്‍വിനിയോഗം, ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി രാജ സ്‌പെക്‌ട്രം വിതരണം നടത്തിയെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പ്രത്യേക കോടതി ജഡ്‌ജി ഒ.പി.സെയ്‌നിക്കു മുമ്പാകെയാണു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2ജി സ്‌പെക്‌ട്രം വിതരണവുമായി ബന്ധപ്പെട്ടു 30,984 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും കുറ്റപത്രത്തില്‍ പറയുന്നു.
80000 പേജുളള കുറ്റപത്രം ഏഴു സ്‌റ്റീല്‍ പെട്ടികളിലായാണ് കോടതിയില്‍ എത്തിച്ചത്. ഒന്‍പതു വ്യക്‌തികള്‍ക്കും മൂന്നു കമ്പനികള്‍ക്കുമെതിരായാണു കുറ്റപത്രം. റിലയന്‍സ് കമ്പനി സെക്രട്ടറിയും മലയാളിയുമായ ഹരി നായര്‍ പ്രതിയാണ്. വിനോദ് ഗോയിങ്ക(ഡിബി റിയാലിറ്റി) സഞ്‌ജയ് ചന്ദ്ര( യുണിടെക്) , ഷാഹിദ് ബല്‍വ(സ്വാന്‍)എന്നിവരും പട്ടികയിലുണ്ട്. സ്വാന്‍, റിലയന്‍സ്, യുണിടെക് തുടങ്ങിയ കമ്പനികള്‍ അനധികൃത ഇടപാടുകള്‍ നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. 644 രേഖകളും 125 സാക്ഷികളെയും സിബിഐ കോടതിയില്‍ ഹാജരാക്കി.
Discussion about this post