കോട്ടയം : നിയമസഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ നേമം, ആലപ്പുഴ, പറവൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ഓള്‍ ഇന്ത്യ വീരശൈവമഹാസഭ സംസ്ഥാന കൗണ്‍സിലിന്റെയും രാഷ്ട്രീയകാര്യസമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു. നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനും ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിനും പിന്തുണ നല്‍കും. പറവൂരില്‍ നിഷ്പക്ഷ നിലപാടായിരിക്കും കൈക്കൊള്ളുക. വീരശൈവരെ അംഗീകരിക്കുന്നവരെ തിരിച്ചും സഹായിക്കുന്ന രാഷ്ട്രീയ ലൈനിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നേതൃത്വം അറിയിച്ചു. വീരശൈവരിലെ മഠപതി, ഗുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍, വൈരാവി, വൈരാഗി തുടങ്ങിയ 13 അവാന്തര വിഭാഗങ്ങളെക്കൂടി വീരശൈവയോടൊപ്പം ചേര്‍ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നടപ്പാക്കിയില്ല. വിശ്വനാഥന്‍ ഇവാലുവേഷന്‍ കമ്മറ്റി ശുപാര്‍ശപ്രകാരം ഒഇസി ആയി ആനുകൂല്യം നല്‍കണമെന്നുള്ള ആവശ്യവും മന്ത്രി പരിഗണിച്ചില്ല. ബസവേശ്വരനെപ്പറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സഭ നിരന്തരം ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായില്ല. തിരുവനന്തപുരത്ത് ബസവേശ്വരന്റെ പ്രതിമസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബസവേശ്വരന്‍ കേരളത്തില്‍ ജനിച്ചതല്ലെന്ന തടസ്സവാദമാണ് സാംസ്കാരിക മന്ത്രി ഉന്നയിച്ചത്.
ഇത് കേരളത്തിലെ വീരശൈവരോടുള്ള അവഹേളനമായി കണക്കാക്കണമെന്ന് സമുദായാംഗങ്ങളോട് സഭാനേതൃത്വം ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റിലും ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലെ തെംസ് നദിയുടെ തീരത്തും ബസേവേശ്വര പ്രതിമ സ്ഥാപിച്ചു. പാക്കിസ്ഥാനിലും ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. സാമൂഹിക സമത്വത്തില്‍ അധിഷ്ഠിതമായ ബസവേശ്വരന്റെ വിപ്ലവാദര്‍ശങ്ങള്‍ക്കു തടസ്സം നില്‍ക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിനും കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് റ്റി.പി കുഞ്ഞുമോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി കെ.വി ശിവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. ബിനു കെ. ശങ്കര്‍, കെ. പ്രസന്നകുമാര്‍, ഇ.എ രാജന്‍, എ.എന്‍ ഗോപാലകൃഷ്ണന്‍, എസ്. കൃഷ്ണപിള്ള, സി.പി മധുസൂദനന്‍പിള്ള, കെ.എ നീലകണ്ഠപിള്ള, അഡ്വ. അരുണ്‍ പ്രകാശ്, കെ.റ്റി സതീശന്‍, ചാല വേലപ്പന്‍ പിള്ള, പി.എന്‍ വിനോദ്, ശശി കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post