പുട്ടപര്‍ത്തി: ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീസത്യസായി ബാബയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് വെള്ളിയാഴ്ച രാവിലെ അറിയിച്ചു.
ശ്വാസോച്ഛാസം സുഗമമാക്കാന്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായമുണ്ടെങ്കിലും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടായതായും ഡോക്ടര്‍മാര്‍ പറഞ്ഞു.ബാബ ഇപ്പോഴും വെന്റിലേറ്ററില്‍ത്തന്നെയാണന്നും ഹൃദയം,വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും പ്രത്യേക മെഡിക്കല്‍സംഘം മേധാവിയുമായ ഡോ.എ.എന്‍. സഫായ പറഞ്ഞു.
ബാബയുടെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന വാര്‍ത്ത വന്നതോടെ പുട്ടപര്‍ത്തി സാധാരണനിലയിലേക്ക് മടങ്ങിത്തുടങ്ങി. വ്യാഴാഴ്ച കടകള്‍ ഭാഗികമായി തുറന്നു. ദീര്‍ഘദൂരബസ്സുകള്‍ പ്രശാന്തിനിലയത്തിനടുത്തുള്ള പുട്ടപര്‍ത്തി ബസ്സ്റ്റാന്‍ഡില്‍വരെ പോകാന്‍ അനുവദിക്കുന്നുണ്ട്. നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ലെങ്കിലും ബാബയെ പ്രവേശിപ്പിച്ചിരിക്കുന്ന ആസ്പത്രിയുടെ ചുറ്റിനും മാത്രമേ ഇപ്പോള്‍ കര്‍ശനമായി അതു നടപ്പാക്കുന്നുള്ളൂ.
Discussion about this post