* തിരുവനന്തപുരത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
തിരുവനന്തപുരം: സംസ്ഥാന കേരളോത്സവത്തിന്‍റെ കായികമേളയില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 55 ഇനങ്ങളിലായി നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കായികമേളയില്‍ 193 പോയിന്റോടെയാണ് ആതിഥേയര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്. 151 പോയിന്റോടെ കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 145 പോയിന്റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മൂന്നു ദിവസങ്ങളിലായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ക്കുളം, സെന്‍ട്രല്‍ സ്റ്റേഡിയം, വൈ.എം.സി.എ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. പുരുഷ വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ കൊടത്തൂര്‍ യൂത്ത് ക്ലബ്ബിന്റെ ബിബിന്‍ കുമാറും കണ്ണൂര്‍ ജില്ലയിലെ കാപ്പാട് സാംസ്‌കാരിക വേദിയുടെ നിഖില്‍ നിതിനും കായിക പ്രതിഭകളായി. വനിതാ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ അത്‌ലറ്റിക് ക്ലബ്ബിന്റെ വിദ്യ കെ.കെ. യാണ് കായികപ്രതിഭ. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ ഫീനിക്‌സ് ക്ലബ്ബിന്റെ അബ്ദുള്‍ ബഷീദ് കെ.ടി യും ഇടുക്കി ജില്ലയിലെ അബി മോന്‍ വര്‍ഗീസും വൈശാഖ് സി.എസ്. ഉം കായിക പ്രതിഭകളായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ അനിതാ തോമസാണ് കായിക പ്രതിഭ.
Discussion about this post