ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് സി.എസ്. കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി കര്‍ണനെ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. ശിക്ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അദ്ദേഹം മോചിതനായത്.
ഹൈക്കോടതി ജഡ്ജിയായിരിക്കെ സുപ്രീം കോടതി ജഡ്ജിക്കെതിരെ കര്‍ണന്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടത്.
സുപ്രീം കോടതി തടവുശിക്ഷയ്ക്കു വിധിച്ചതിനു പിന്നാലെ കര്‍ണന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്നു ജൂണ്‍ 20ന് കര്‍ണനെ അറസ്റ്റു ചെയ്തു ജയിലിലാക്കിയത്. മുന്‍ ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണനെതിരെ നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായായിരുന്നു ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി സ്വീകരിച്ചത്.
2009ല്‍ ഹൈക്കോടതി ജഡ്ജിയായ ഇദ്ദേഹത്തെ 2011-ലാണു സ്ഥിരപ്പെടുത്തിയത്. ഒളിവില്‍ കഴിയവേയാണ് കര്‍ണന്‍ സര്‍വീസില്‍നിന്നു വിരമിച്ചത്.
Discussion about this post