തിരുവനന്തപുരം: ചിട്ടയോടെയും കാര്യക്ഷമവുമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഏകോപിത തദ്ദേശ ഭരണ സര്‍വീസ് ഈ വര്‍ഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനുള്ള കരട് ചട്ടം തയ്യാറായി.
മറ്റു വകുപ്പുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി തദ്ദേശഭരണ സിവില്‍ സര്‍വീസ് രൂപീകരിച്ചാല്‍ മാത്രമേ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവൂ. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, നഗരാസൂത്രണ വകുപ്പ്, തദ്ദേശ എഞ്ചിനീയറിംഗ് വിഭാഗം, ഗ്രാമവികസന ഡയറക്ടറേറ്റ് എന്നിവയെ സംയോജിപ്പിച്ചാണ് തദ്ദേശ ഭരണ സര്‍വീസ് രൂപീകരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി പുതിയ സര്‍വീസിന്റെ തലവനായി പ്രിന്‍സിപ്പല്‍ ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന വികസന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലകളില്‍ വിവിധ വകുപ്പുകളും ഏജന്‍സികളും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് ജില്ലാ പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും മണലെത്തിക്കുന്നതിനുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. ആധുനിക അറവുശാലകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്നതിന് നിലവിലുള്ള പദ്ധതി നടപ്പാക്കണം. അറവുശാലകള്‍ സ്ഥാപിക്കാനാവശ്യമായ സ്ഥലം പഞ്ചായത്തുകള്‍ കണ്ടെത്തണം.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണം. വരട്ടാര്‍ വീണ്ടെടുക്കാന്‍ നല്ല ജനപങ്കാളിത്തം ലഭിച്ചു. അധികൃതര്‍ മുന്നില്‍ നിന്നാല്‍ നാട്ടുകാര്‍ ഒപ്പമുണ്ടാവും. ജലസ്രോതസുകളുടെ സംരക്ഷണത്തിലും കാര്‍ഷികരംഗത്തും പച്ചക്കറി കൃഷിയുടെ വ്യാപനത്തിലും തരിശുനില കൃഷിയിലുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ മികച്ച ഇടപെടലുണ്ടായി. ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തയിലെത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ നല്ല പിന്തുണയുണ്ടാവണം. മാലിന്യ നിര്‍മാര്‍ജനത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയാണ് പ്രധാന ഉത്തരവാദിത്തമെന്നത് മറക്കരുത്. പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നേതൃത്വം ഏറ്റെടുക്കണം. നാട്ടുകാരെയും പി. ടി. എയെയും സഹകരിപ്പിച്ച് ഇത്തരം നടപടിയുമായി മുന്നോട്ടു പോകണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും നാട്ടുകാരുടെ സഹകരണം ഉറപ്പു വരുത്തണം.
പദ്ധതി നടത്തിപ്പില്‍ സമയക്രമം കൂടുതല്‍ കര്‍ശനമായി പാലിക്കാന്‍ അടുത്ത ഘട്ടത്തില്‍ ശ്രദ്ധിക്കണം. പഞ്ചായത്തു നിയമത്തിലെ പല വ്യവസ്ഥകളും മുനിസിപ്പല്‍ നിയമത്തിലില്ലെന്ന പോരായ്മയുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിയമം കാലാനുസൃതമായി പരിഷ്‌കരിക്കും. ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള കാലതാമസത്തിന് ന്യായീകരണമില്ല. പരമ്പരാഗത ശീലങ്ങളാല്‍ വരുത്തുന്ന വീഴ്ചയാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എ. കെ. ബാലന്‍, കെ. രാജു, ടി. പി. രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം. എം. മണി, വി. എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, ഇ. ചന്ദ്രശേഖരന്‍, ഡോ. കെ. ടി. ജലീല്‍, കെ. കെ. ശൈലജ ടീച്ചര്‍, എ. കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍, മേയര്‍മാര്‍, നഗരസഭാധ്യക്ഷര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post