തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് വരുന്ന അപേക്ഷകര്‍ക്ക് ആവശ്യാനുസരണം യഥേഷ്ടം കോര്‍ട്ട്ഫീ സ്റ്റാമ്പ് ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ട്രഷറി പരിസരത്ത് ട്രഷറി വകുപ്പ് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. പ്രാദേശിക സ്റ്റാമ്പ് വെണ്ടറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കൗണ്ടറില്‍ നിന്നും അപേക്ഷകര്‍ക്ക് കോര്‍ട്ട് ഫീ സ്റ്റാമ്പ് ലഭിക്കും. കോര്‍ട്ട് ഫീ സ്റ്റാമ്പില്‍ രേഖപ്പെടുത്തിയ തുക മാത്രം നല്‍കി ഈ കൗണ്ടറില്‍ നിന്നും അപേക്ഷകര്‍ക്ക് കോര്‍ട്ട് ഫീ സ്റ്റാമ്പ് വാങ്ങാം. ഈ കൗണ്ടര്‍ എല്ലാ പ്രവൃത്തിദിവസവും രാവിലെ ഒന്‍പത് മുതല്‍ 11 വരെ പ്രവര്‍ത്തിക്കും.
വിദേശത്ത് ജോലിതേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോലീസ് നല്‍കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന ആഭ്യന്തര വകുപ്പ് അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധന നിലവില്‍ വന്നതോടെ സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പിന്റെ അറ്റസ്റ്റേഷന്‍ സെന്ററില്‍ ഈ ആവശ്യത്തിനായി ധാരാളം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. അപേക്ഷയില്‍ പതിക്കേണ്ട 10 രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ് സെക്രട്ടേറിയറ്റ് പരിസരത്ത് നിന്ന് ലഭിക്കുന്നതിന് നിലവില്‍ സജ്ജീകരണമില്ലെന്നും അംഗീകാരമില്ലാത്ത ചില കച്ചവടക്കാര്‍ അധിക തുക ഈടാക്കി കോര്‍ട്ട് ഫീ സ്റ്റാമ്പ് വില്‍ക്കുന്നതായുമുള്ള പരാതി ട്രഷറി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ സംവിധാനം.
Discussion about this post