തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തെ ലോകത്തെ അറിയപ്പെടുന്ന ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഗ്ലോബല്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപകന്‍ ഡോ.ഭൂപേന്ദ്രകുമാര്‍ മോഡിയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും തികച്ചും മോചിപ്പിക്കപ്പെട്ട ഒരു പദ്ധതിക്ക് ജിസിഎഫ് രൂപം നല്‍കുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ പ്രത്യേതകള്‍, നിര്‍മ്മാണത്തിലെ വൈദഗ്ധ്യം, അമൂല്യശേഖരം തുടങ്ങി അനവധി പ്രത്യേകതകളുള്ള ക്ഷേത്രം ലോകത്തിന് ഭാരതത്തിന്റെ സംഭാവനയാണ്. 1208 സാളഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശേഷപ്പെട്ട പ്രതിഷ്ഠ വിസ്മയകരമാണ്, അനവധി ആക്രമണങ്ങള്‍ നാടെങ്ങും ഉണ്ടായിട്ടും ക്ഷേത്രസ്വത്ത് സംരക്ഷിക്കപ്പെട്ടത് രാജകുടുംബത്തിന്റെ ഭക്തിയും അനന്തപുരിയുടെ ആദ്ധ്യാത്മിക പ്രസക്തിയും വ്യക്തമാക്കുന്നു. സനാതന ധര്‍മപ്രചരണാര്‍ത്ഥം ഈപ്രത്യേകതകള്‍ അതേപടി കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതേസമയം സുരക്ഷയിലും ആചാരങ്ങളിലും യാതൊരുവീഴ്ചയും വരാത്ത തരത്തില്‍ ഒരുപദ്ധതി ആവിഷ്‌കരിക്കുന്നതിനായി ഒരു വികസന സമിതി രൂപീകരിക്കുകയാണ് ജിസിഎഫിന്റെ പ്രഥമലക്ഷ്യം. ഇതിനായുള്ള നീക്കം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ ഗൗരി ലക്ഷ്മീ ഭായി തമ്പുരാട്ടി, ഗൗരി പാര്‍വതീ ഭായി തമ്പുരാട്ടി, സാമൂഹ്യ പ്രവര്‍ത്തകന്‍ തരുണ്‍ വിജയ് എന്നിവരുടെ സാന്നിധ്യത്തില്‍ പത്താമുദയദിനത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. രാജകുടുംബാംഗങ്ങളുമായും വിവിധ ഹൈന്ദവസംഘടനാ പ്രതിനിധികളുമായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേത്രത്തിലെ സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലും സമിതി ശ്രദ്ധപുലര്‍ത്തും. ലോക ഹിന്ദു ഫെഡറേഷന്‍ പ്രതിനിധി അജയ് സിംഗ്, പ്രീതി മല്‍ഹോത്ര തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ സംസാരിച്ചു. മധ്യപ്രദേശ് ശങ്കരപീഠത്തിലെ സ്വാമി ദിവ്യാനന്ദ് തീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി.
ലോകനന്മയ്ക്കായി നിലകൊള്ളുന്ന ഇത്തരത്തിലുള്ള മഹാക്ഷേത്രങ്ങളെക്കുറിച്ച് ഹൈന്ദവ സമൂഹം ബോധമുള്ളവരായിരിക്കേണ്ടത് അത്യാവശ്യമാണ്. വിശ്വഗുരു സ്ഥാനത്തേക്ക് ഭാരതത്തിന്റെ ഉയര്‍ച്ച എന്നും അത്ഭുതകരമാണെന്നും അതില്‍ അദ്വൈതസിദ്ധാന്തത്തിനും സനാതന ധര്‍മപ്രചരണത്തിനും ഏറെ പങ്കുണ്ടെന്നും ബി.കെ മോഡി പറഞ്ഞു. അക്രമരാഹിത്യത്തിനും സന്തോഷകരമായ അഭിവൃദ്ധിക്കും ഭാരതീയ സനാതന ധര്‍മത്തിന്റെ പ്രസക്തി ലോകം തിരിച്ചറിയാനിരിക്കുന്നതേയുളളൂ, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ ഇതിനാവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post