ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. ജോധ്പൂര്‍ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി വരുന്നത്. ആശാറാം ബാപ്പുവിന്റെ രണ്ട് അനുയായികള്‍ക്ക് 20 വര്‍ഷം തടവും കോടതി വിധിച്ചു.
വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി പരിസരത്തും ആശാറാം ബാപ്പു പീഡിപ്പിച്ച പെണ്‍കുട്ടിയുടെ വീടിനു മുന്‍പിലും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും സുരക്ഷ ഒരുക്കിയിരുന്നു. അതേസമയം ജോധ്പൂര്‍ നഗരത്തില്‍ 21ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ശക്തമാക്കിയിരുന്നു.
ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനാറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് എഴുപത്തിഏഴുകാരനായ ആശാറാമിനെതിരെയുള്ള കേസ്. കേസിനെതിരെ 12ഓളം തവണ സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി എല്ലാം തള്ളുകയായിരുന്നു.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗ കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരിലുള്ളത്. ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കെതിരെയും പീഢനക്കേസുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.
Discussion about this post