ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കെ.ജി. ബൊപ്പയ്യയെ കര്‍ണാടക നിയമസഭയില്‍ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ കോണ്‍ഗ്രസിനു ഭാഗികനേട്ടം. പ്രോടെം സ്പീക്കറായി ബൊപ്പയ്യ തുടരുമെങ്കിലും കര്‍ണാടക നിയമസഭയിലെ നടപടിക്രമങ്ങള്‍ ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിക്കാന്‍ തയാറായി. സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമേ സഭയില്‍ നടക്കാവൂ എന്നും മറ്റു നടപടികള്‍ പാടില്ലെന്നും കോടതി ആവര്‍ത്തിച്ചു.
മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് കോടതിയില്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദങ്ങള്‍ കേട്ട കോടതി, ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കില്‍ നോട്ടീസ് നല്‍കേണ്ടിവരുമെന്നും അങ്ങനെയായാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കര്‍ ആക്കാതിരുന്ന സാഹചര്യങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്‌ഡേ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ചയും ഹര്‍ജി കേട്ടത്.
എട്ടു തവണ എംഎല്‍എ ആയ കോണ്‍ഗ്രസ് അംഗം ആര്‍.വി. ദേശ്പാണ്ഡേയെ മറികടന്നാണു നാലു തവണ മാത്രം എംഎല്‍എ ആയിട്ടുള്ള ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറെ നിയമിച്ചത്. വിശ്വാസവോട്ടെടുപ്പ് നിയന്ത്രിക്കേണ്ടത് പ്രോ ടെം സ്പീക്കറാണ്. ബൊപ്പയ്യയുടെ നിയമനം ബിജെപിക്ക് അനുകൂലമായി മാറും എന്നതിനാലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. 2009-13ല്‍ സ്പീക്കറായിരിക്കേ 16 എംഎല്‍എമാരെ അയോഗ്യരാക്കിയ തീരുമാനത്തിന് സുപ്രീംകോടതി ബൊപ്പയ്യയെ ശാസിച്ചിട്ടുണ്ട്.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2008ല്‍ പ്രോ-ടെം സ്പീക്കറായതു ബൊപ്പയ്യ ആയിരുന്നു. തുടര്‍ന്ന് അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായി. ജഗദീഷ് ഷെട്ടാര്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2009 മുതല്‍ 2013 വരെ ബൊപ്പയ്യ സ്പീക്കറായും പ്രവര്‍ത്തിച്ചു.
Discussion about this post