കാക്കനാട്: മീഡിയ അക്കാദമിക്കു സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനോടു ചേര്‍ന്ന് ഉപയോഗശൂന്യമായി കിടന്നിരുന്ന പ്രദേശം നവീകരിച്ച് നിര്‍മിച്ച പാറക്കുളം പാര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിലുള്‍പ്പെടുത്തി ജില്ലാ ഭരണകൂടമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു ജലസ്രോതസ്സ് സംരക്ഷിക്കുന്നതോടൊപ്പം നഗരത്തിലെ തിരക്കില്‍ നിന്നു മാറി പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനൊരിടം തയ്യാറാക്കുന്നതിലൂടെ ജില്ലാ ഭരണകൂടം മാതൃകയായി മാറിയെന്ന് മന്ത്രി പറഞ്ഞു.
ഭൂസംരക്ഷണം, അന്യാധീനം ചെറുക്കല്‍, ജലസംരക്ഷണം, പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഒരു പാര്‍ക്ക് എന്നിങ്ങനെ ഒരു സംരംഭത്തില്‍ത്തന്നെ നാലു കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചതായി അദ്ദേഹം നിരീക്ഷിച്ചു. ഒരു ജലസ്രോതസ്സ് സംരക്ഷിക്കപ്പെടുന്നത് സമീപവാസികളുടെ കൂടി ആവശ്യമാണെന്നും ഇതിന്റെ സംരക്ഷണം പൊതു ജനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുക്കാന്‍ പോവുകയാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പറിയാതെ ഒരു നീക്കവും നടക്കില്ല. വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ജീവനക്കാര്‍ സൂക്ഷ്മമായി പരിശോധിച്ചേ ഇത്തരം ഫയലുകള്‍ കൈകാര്യം ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post