ദുബായ്: പ്രമുഖ വ്യവസായിയും, സിനിമാനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് മോചനം സാധ്യമായത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് രാമചന്ദ്രന്‍ ദുബായില്‍ ജയിലിലാകുന്നത്.
2015 ഓഗസ്റ്റ് 23നാണ് ബാങ്കുകളിലടയ്ക്കാനുണ്ടായിരുന്ന തുക വൈകിയതിനേത്തുടര്‍ന്ന് അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജീവകാരുണ്യത്തിനും, മനുഷ്യ സ്‌നേഹത്തിനും പേരുകേട്ട വ്യക്തിത്വത്തിനുടമയായ രാമചന്ദ്രന്റെ പ്രതിസന്ധിയില്‍ മലയാളിസമൂഹം ദുഃഖിതരായിരുന്നു.
രണ്ട് വര്‍ഷത്തോളം രാമചന്ദ്രനെ പുറത്തിറക്കാന്‍ ഭാര്യ പലവിധത്തില്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ വിഷയം ശ്രദ്ധയില്‍ പെട്ടതോടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
രാമചന്ദ്രന്റെ കുടുംബം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സഹായത്തോടെയായിരുന്നു വിഷയം കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലെത്തിച്ചത്. അന്നത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കുടുംബം പരാതി നല്‍കുകയും ഇത് കുമ്മനം കേന്ദ്ര മന്ത്രിക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്നായിരുന്നു സുഷമാ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.
Discussion about this post