ശബരിമല: പ്രതിഷ്‌ഠാ സങ്കല്‍പത്തിനു വിപരീതമായി പതിനെട്ടാംപടിയുടെയും ശ്രീകോവില്‍ വാതിലിന്റെയും വീതി കൂട്ടാന്‍ പറ്റില്ലെന്നു താഴമണ്‍ മഠത്തിലെ സീനിയര്‍ തന്ത്രി കണ്‌ഠര് മഹേശ്വരര് പറഞ്ഞു. ദര്‍ശനം സുഗമമാക്കാന്‍ പതിനെട്ടാംപടിയും ശ്രീകോവില്‍ കവാടവും വീതി കൂട്ടുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്ന കോടതി നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാസ്‌തു – തന്ത്രശാസ്‌ത്ര പ്രകാരമാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. അതിന് ശാസ്‌ത്രീയമായ കണക്കുകളുണ്ട്. അത് തോന്നുന്നതുപോലെ മാറ്റാവുന്നതല്ല. ഇപ്പോഴത്തെ ക്ഷേത്രം പൊളിച്ചു മാറ്റിയ ശേഷം പുതിയത് നിര്‍മിക്കണമെന്നു പറയുന്നതിനു തുല്യമാണിത്.
ശബരിമലയില്‍ അയ്യപ്പനുള്ള അതേ സ്‌ഥാനമാണ് പതിനെട്ടാംപടിക്കുമുള്ളത്. ഓരോ പടിക്കും ഓരോ പ്രതിഷ്‌ഠാ സങ്കല്‍പമുണ്ട്. അതിനനുസരിച്ചാണ് പടിപൂജ നടത്തുന്നതും. കൃഷ്‌ണശിലയില്‍ നിര്‍മിച്ച പതിനെട്ടാംപടിക്കു തേയ്‌മാനം ഉണ്ടായപ്പോള്‍ അത് അതേപോലെ നിലനിര്‍ത്തി പഞ്ചലോഹം വാര്‍ത്തുകെട്ടുകയായിരുന്നു. പഞ്ചലോഹം പൊതിഞ്ഞ പതിനെട്ടാംപടിയുടെ പ്രതിഷ്‌ഠ നടത്തിയതും താനാണ്. പ്രതിഷ്‌ഠിച്ചിരിക്കുന്ന വിഗ്രഹത്തിന്റെ അളവ് അനുസരിച്ചാണ് ശ്രീകോവിലിന്റെ വാതില്‍ പണിയുന്നത്. അതിനു വീതി കൂട്ടണമെന്നു പറയുന്നത് വിഗ്രഹം മാറ്റണമെന്നു പറയുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post