ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത കുറ്റവാളികളെക്കുറിച്ച് മതിയായ വിവരങ്ങളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചതായി പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വ്യക്തമാക്കി. വിചാരണ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും പ്രതികളെ ശിക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇനി അന്തിമതീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും മാലിക് പറഞ്ഞു. സി.എന്‍.എന്‍-ഐ.ബി.എന്‍. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ മാലിക് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുംബൈ ആക്രമണം സംബന്ധിച്ച പാക് അന്വേഷണത്തില്‍ ഇന്ത്യ പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ തുടങ്ങുകയാണെന്ന സൂചനയാണ് പാക് ആഭ്യന്തരമന്ത്രി നല്‍കിയത്. ഇന്ത്യ ആവശ്യപ്പെട്ട അത്രയും വേഗത്തില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന കാര്യം മാലിക് തുറന്നുസമ്മതിക്കുകയും ചെയ്തു.
ലഭിച്ച രേഖകളില്‍ ചിലത് സ്ഥിരീകരിക്കുന്നതിന് ഇന്ത്യന്‍ അധികൃതരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ-പാക് സെക്രട്ടറി തല ചര്‍ച്ചകള്‍ വിജയമാക്കാന്‍ സഹായിച്ചതിന് ആഭ്യന്തരമന്ത്രി പി. ചിദംബരത്തോട് മാലിക് നന്ദി പറഞ്ഞു. പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതില്‍ ചിദംബരം വഹിച്ച പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post