
പുട്ടപര്‍ത്തി: സത്യസായി ബാബയ്‌ക്ക് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും സുനില്‍ ഗാവസ്‌കറും അന്തിമോപചാരം അര്‍പ്പിച്ചു. ബാബയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച പുട്ടപര്‍ത്തി പ്രശാന്തി നിലയത്തിലെ സായി കുല്‍വന്ത് ഹാളില്‍ ഭാര്യ അഞ്‌ജലിക്കൊപ്പമാണ് സച്ചിനെത്തിയത്. നിറമിഴികളോടെ ഹാളിലെത്തിയ സച്ചിനും ഭാര്യയും ഒരു മണിക്കൂറോളം ഭൗതികശരീരത്തിനു സമീപം പ്രാര്‍ഥനാനിരതനായിരുന്നു. സത്യസായി ബാബയുടെ സമാധിയെ തുടര്‍ന്ന് ഇന്നലെ സച്ചിന്‍ തന്റെ 38 ാം പിറന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഭാര്യ മാര്‍ഷനൈലിനൊപ്പമാണ് സുനില്‍ ഗാവസ്‌കര്‍ പുട്ടപര്‍ത്തിയിലെത്തിയത്.
ആയിരക്കണക്കിനു പേരാണ് ബാബയ്‌ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പുട്ടപര്‍ത്തിയിലുള്ളത്. ശ്രീലങ്കയില്‍ നിന്ന്‌അന്തിമോപചാരമര്‍പ്പിക്കാനുള്ളവരുടെ തിരക്കു പരിഗണിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്‌ത് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്താന്‍ തീരുമാനിച്ചു. ബാബയ്‌ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ പുട്ടപര്‍ത്തിയിലെത്തും. സത്യസായിബാബയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷാനാളമായിരുന്നു ബാബയെന്ന് രാഹുല്‍ അനുസ്‌മരിച്ചു. സ്‌നേഹത്തിലും സേവനത്തിലും യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും രാഹുല്‍ ഓര്‍മിച്ചു.
Discussion about this post