ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍-ഹേംരാജ് ഇരട്ടക്കൊലപാതക കേസില്‍ സിബിഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ തെളിവുകള്‍ നശിപ്പിക്കുന്നതില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിന്റെയും ഭാര്യ നൂപുറിന്റെയും പങ്കു തെളിയിക്കുന്നതു വിവരിക്കുന്ന സിബിഐ സത്യവാങ്‌മൂലം പരിഗണിക്കവെയാണ് ജസ്‌റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്‌ഡിയും എസ്.എസ്. നിജ്‌ജാറും സിബിഐയെ വിമര്‍ശിച്ചത്. ആരുഷിയുടെ മാതാപിതാക്കള്‍ക്കെതിരെ തെളില്ലെന്നാണ് സിബിഐ ആദ്യം പറഞ്ഞിരുന്നത്.
2008 മേയ് 16നു രാവിലെയാണ് നോയിഡയിലെ വീടിന്റെ കിടപ്പുമുറിയില്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തി. ആദ്യം കേസ് അന്വേഷിച്ച നോയിഡ പൊലീസ് രാജേഷിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. മകളും വീട്ടുജോലിക്കാരനുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണു കൊലപാതകങ്ങളെന്നായിരുന്നു നോയിഡ പൊലീസിന്റെ വാദം. എന്നാല്‍, പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐ രാജേഷിന്റെ ഡന്റല്‍ ക്ലിനിക്കിലെ കംപൗണ്ടര്‍ കൃഷ്‌ണയും സുഹൃത്തുക്കളുമാണ് കൊല നടത്തിയതെന്നു കണ്ടെത്തി.
അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ സിബിഐ സംഘത്തില്‍ അഴിച്ചുപണി നടത്തി. രണ്ടര വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് മാതാപിതാക്കള്‍ തന്നെയാണു പ്രതികളെന്നും എന്നാല്‍ മതിയായ തെളിവുകളില്ലെന്നും കാട്ടി സിബിഐ അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതു പരിഗണിച്ച ഗാസിയാബാദ് കോടതി സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് തല്‍വാര്‍ ദമ്പതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post