മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. ജാതി, മത ഭേദമെന്യേ, പണ്ഡിത പാമര ഭേദമില്ലാതെ, ഉച്ച നീചത്വങ്ങളില്ലാതെ കേരളീയര്‍ ഒന്നായി പങ്കെടുക്കുന്ന മഹോല്‍സവമാണ് ഓണം. ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാബലിയുടെയും വാമനന്റെയും കഥയെ ആസ്പദമാക്കിയാണ് ഓണം ആഘോഷിക്കുന്നത്. അസുര ചക്രവര്‍ത്തി ആയിരുന്ന മഹാബലി കേരളം ഭരിച്ചിരുന്ന കാലത്ത് നാടെങ്ങും സമ്പത്തും സമൃദ്ധിയും നിറഞ്ഞു നിന്നിരുന്നു. ധര്‍മിഷ്ഠനും നീതിമാനും ആയിരുന്ന മഹാബലിയുടെ കീഴില്‍ പ്രജകള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു. എന്നാല്‍ അധികാരം അദ്ദേഹത്തെ അഹങ്കാരിയാക്കി. ദേവലോകം വരെ പിടിച്ചടക്കാന്‍ പുറപ്പെട്ട ബലിയുടെ ആക്രമണത്തില്‍ ദു:ഖിതനായ ദേവേന്ദ്രന്റെ മാതാവ് അദിതി ശ്രീ മഹാവിഷ്ണുവിനെ കണ്ടു സങ്കടം ഉണര്‍ത്തിച്ചു. മഹാവിഷ്ണു വാമനന്‍ എന്ന ബ്രാഹ്മണബാലന്റെ രൂപം ധരിച്ചു ദാനശീലനായ മഹാബലിയുടെ സമീപം എത്തി ഭിക്ഷയായി മൂന്നടി സ്ഥലം ആവശ്യപ്പെട്ടു. ഈ ചെറിയ ആവശ്യം കേട്ടു
വാമനനെ പരിഹസിച്ച മഹാബലിയോട് വാമനരൂപത്തില്‍ എത്തിയിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണുവാണെന്നും വാമനന്റെ അപേക്ഷ മാനിക്കരുതെന്നും അസുരഗുരുവായ ശുക്രാചാര്യര്‍ താക്കീതു ചെയ്തു. എന്നാല്‍ മഹാബലി ഗുരുവിന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല.വാമനന്‍ രണ്ടു പാദങ്ങള്‍ കൊണ്ട് മൂന്നു ലോകങ്ങളും അളന്നു എടുത്തു. മൂന്നാമത്തെ അടി അളന്ന് എടുക്കാന്‍ ബലി തന്റെ ശിരസ്സ് കുനിച്ചു കൊടുത്തു. ഭഗവല്‍ പാദം തന്റെ ശിരസ്സില്‍ സ്പര്‍ശിക്കുന്നത് ബലി അനുഗ്രഹമായി കരുതി.
വിഷ്ണു ഭക്തനായിരുന്ന പ്രഹ്ലാദന്റെ ചെറുമകനായ മഹാബലിയെ മഹാവിഷ്ണു അനുഗ്രഹിച്ചു വിശ്വകര്‍മ്മ നിര്‍മ്മിതമായ ”സുതല” ത്തില്‍ സര്‍വ്വ വിധ സുഖഭോഗങ്ങളോടെ ജീവിക്കാന്‍ അനുവാദവും നല്‍കി. (പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്നു പറയുന്നത് വാമനനെയും മഹാബലിയേയും അവഹേളിക്കുന്നതിന് തുല്യമാണ്.) എല്ലാ വര്‍ഷവും തിരുവോണ നാളില്‍ കേരളത്തിലെ തന്റെ പ്രജകളെ സന്ദ്ര്ശിക്കുവാനുള്ള അനുവാദവും നല്കി. അങ്ങിനെ നാട് കാണാനെത്തുന്ന മഹാബലിയുടെ മുന്നില്‍ സമൃദ്ധിയും സന്തോഷവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ മലയാളികള്‍ ശ്രമിക്കുന്നു എന്നാണ് സങ്കല്‍പ്പം
മലയാള മാസമായ ചിങ്ങത്തിലാണ് ഓണം ആഘോഷിക്കുന്നത്.കര്‍ക്കിടകത്തിന്റെ കരിനിഴലില്‍ നിന്നു ചിങ്ങത്തിന്റെ ചൈതന്യധന്യമായ പ്രകാശത്തിലേക്ക് കടക്കുമ്പോള്‍ തന്നെ പ്രകൃതി പോലും ആര്‍ഭാടപൂര്‍വ്വം അണിഞ്ഞൊരുങ്ങുന്നു. അത്തം നാളില്‍ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പൂക്കളം ഒരുക്കി തുടങ്ങുന്നു. ഗൃഹങ്ങളുടെ കിഴക്കേ മുറ്റത്ത് വീട്ടമ്മമാര്‍ ഒരുക്കുന്ന പൂക്കളത്തിന് ഓരോ ദിവസം ചെല്ലും തോറും വലിപ്പവും വര്‍ണ്ണ ഭംഗിയും കൂടിക്കൂടി വരുന്നു. പൂവിടുന്നതിനുള്ള പൂക്കളിറുക്കാന്‍ പോകുന്നത് ബാലികാബാലന്മാരുടെ ഇഷ്ടവിനോദമാണ്. അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉള്ള മലയാളികള്‍ എല്ലാം നാട്ടില്‍ ഒത്തു കൂടുന്നത് ഓണക്കാലത്താണ്. ഉത്രാടനാളില്‍ വിപണികളില്‍ എല്ലാ വര്‍ഷവും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്രാടപ്പാച്ചില്‍ എന്ന പ്രയോഗം സാര്‍ത്ഥകമാകുന്നത് അങ്ങിനെയാണ്. തിരുവോണ നാളില്‍ എല്ലാവരും അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി മഹാബലിയെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. അത് കഴിഞ്ഞു ചെറുപ്പക്കാര്‍ വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വൃദ്ധന്മാര്‍ ഗതകാലമധുര സ്മരണകള്‍ അയവിറക്കി നിര്‍വൃതി കൊള്ളുന്നു. പുരുഷന്മാര്‍ തലപ്പന്തു കളിയിലും കബഡി കളിയിലും ഒക്കെ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളുടെ ഇഷ്ടവിനോദങ്ങള്‍ കൈകൊട്ടിക്കളിയും തുമ്പീ തുള്ളലും മറ്റുമാണ്. മുറ്റത്തെ മാവിന്‍ കൊമ്പത്തു കെട്ടിയ ഊഞ്ഞാലില്‍ ആടുന്നത് ഇരുകൂട്ടര്‍ക്കും ഇഷ്ടമാണ്.
ആധുനിക കാലഘട്ടത്തിലെ തിരക്കേറിയ ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ പലപ്പോഴും കഴിയാറില്ല. വീട്ടില്‍ സദ്യ ഒരുക്കാന്‍ കഴിയാത്തവര്‍ക്ക് സ്റ്റാര്‍ ഹോട്ടലുകളിലെ ഓണസദ്യയില്‍ പങ്ക് കൊള്ളാം. പുതിയ ഓണ സി.ഡി.കളിലെ പാട്ടുകള്‍ കേട്ടു രസി ക്കാം. ചാനലുകളിലെ പ്രത്യേക ഓണ പരിപാടികള്‍ കാണാം.സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന കലാപരിപാടികലും ഘോഷയാത്രയുമെല്ലാം വീക്ഷിക്കാം.എന്തായാലും എല്ലാം മറന്നു ആഹ്ലാദിക്കാനുള്ള ഈ അസുലഭ അവസരം ഒരു മലയാളിയും പാഴാക്കാറില്ല. അങ്ങിനെ ഒരു തിരുവോണം കൂടി നമ്മെ കടന്നു പോകുമ്പോള്‍ നമ്മുടെ പ്രാര്‍ഥന ഇതായിരിക്കട്ടെ.
”നമുക്ക് എന്നും ഓണം ആയിരിക്കട്ടെ.”
Discussion about this post