തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ പരോള്‍ 15 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പിള്ള നല്‍കിയ ഹര്‍ജിയില്‍ അനുകൂല നിലപാട് എടുത്തുകൊണ്ട് പരോള്‍ നീട്ടാനുള്ള ശുപാര്‍ശ ആഭ്യന്തരവകുപ്പിന് കൈമാറി.
ഭാര്യയുടെ ചികിത്സയ്ക്കായാണ് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഏപ്രില്‍ 20-ന് പരോള്‍ അനുവദിച്ചത്. 62 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് പിള്ള ജയിലിന് പുറത്തു വന്നത്. ഗുരുതരമായ അസുഖത്തെത്തുടര്‍ന്ന് ഭാര്യ വത്സല ചികിത്സയിലാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടര്‍ന്നാണ് പിള്ളയ്ക്ക് ജയില്‍ ഡി.ജി.പി. പത്തു ദിവസത്തെ പരോള്‍ നല്‍കിയത്.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയ പിള്ള തിരഞ്ഞെടുപ്പിനു മുമ്പ് പരോള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നതിനാല്‍ ആഭ്യന്തര വകുപ്പ് അപേക്ഷ തള്ളുകയായിരുന്നു. അപേക്ഷയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരോളിന് പര്യാപ്തമല്ലെന്ന കാരണം പറഞ്ഞാണ് അന്ന് അപേക്ഷ തള്ളിയത്. പിള്ളയുടെ ഭാര്യയ്ക്ക് പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദവും കാരണം കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് പരോള്‍ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്. ഇതു സംബന്ധിച്ച് ലോക്കല്‍ പോലീസിന്റെയും ജില്ലാ പ്രൊബേഷണറി ഓഫീസറുടെയും റിപ്പോര്‍ട്ടുകളും ഹാജരാക്കിയിരുന്നു.
Discussion about this post