ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തിനു കൈത്താങ്ങായി കേന്ദ്രസഹായം എത്തുന്നു. കേരളത്തിലേക്ക് കൂടുതല്‍ അരിയും മരുന്നും നല്‍കാന്‍ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും നല്‍കും. ഇവ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിക്കും. 22 ലക്ഷം ലിറ്റര്‍ കുടിവെള്ളവും കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു നല്‍കും. പെട്രോളിയം മന്ത്രാലയം 12,000 ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുന്നത്. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്ന് കയറ്റി അയക്കും. ആറു മെഡിക്കല്‍ സംഘങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്ഥിതി സാധാരണ നിലയിലാകുംവരെ സേനകള്‍ കേരളത്തില്‍ തുടരാനും നിര്‍ദേശമുണ്ട്. പുതപ്പുകളും കിടക്കവിരികളും അടക്കം പ്രത്യേക ട്രെയിന്‍ കേരളത്തിലെത്തും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് 500 കോടി രൂപ അടിയന്തര സഹായമായി പ്രഖ്യാപിച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി സഹായം പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post