ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി. കരട് വിജ്ഞാപനമനുസരിച്ച് പരിസ്ഥിതി ലോല വില്ലേജുകള്‍ 123ല്‍ നിന്ന് 94 ആയി ചുരുങ്ങും. 4,452 ച.കി.മീ. ജനവാസ കേന്ദ്രം ഇഎഫ്എല്‍ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെടും. അതേസമയം, കസ്തൂരിരംഗന്‍ ശിപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കുമെന്നും മന്ത്രാലയം വിശദമാക്കി. ഇതിനായി പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടുകയും ചെയ്തു. കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കരുതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടെന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനം. കേരളത്തിലെ ഖനനത്തിന്റെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്കി.
Discussion about this post