തൃശൂര്‍/ഗുരുവായൂര്‍: നഗരമധ്യത്തില്‍ ആന വിരണ്ടോടി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തു. ഗുരുവായൂര്‍ ആനക്കോട്ടയില്‍ മദപ്പാടില്‍ നിന്ന കൊമ്പന്‍ അടുത്തു കെട്ടിയിരുന്ന ഒറ്റക്കൊമ്പനെ കുത്തി വീഴ്‌ത്തി.
തൃശൂര്‍ നഗരമധ്യത്തില്‍ വിരണ്ടോടിയ ആന മൂന്നു മണിക്കൂറോളം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി. പാപ്പാന്മാരായ വാസു, വേലപ്പന്‍ എന്നിവരുള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു. വടക്കുന്നാഥന്‍ കൃഷ്‌ണന്‍ എന്ന ആനയാണു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്. തുടര്‍ന്ന് ഓടാനാരംഭിച്ച ആന പൂങ്കുന്നം പോസ്‌റ്റ് ഓഫിസിനു സമീപമുള്ള റോഡിലൂടെ മൂന്നുകുറ്റി റയില്‍വേ ട്രാക്കിലേക്കു കയറി. ഇതിനിടയില്‍ ഒരു കാര്‍ തകര്‍ത്തു. തുടര്‍ന്നു പാളത്തിലൂടെ കോട്ടപ്പുറത്തേക്കു നടന്നു. പാളത്തില്‍നിന്ന് ആനയുടെ ശ്രദ്ധ തിരിച്ചു പുറത്തേക്കു മാറ്റാന്‍ ശ്രമിച്ച രണ്ടാം പാപ്പാനെയും ആക്രമിച്ചു. റയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് ആന തിരിഞ്ഞത് അപകടഭീതിയുളവാക്കി. സ്‌റ്റേഷനില്‍ തിരക്കുള്ള സമയമായിരുന്നു. പാളത്തില്‍നിന്നു റോഡിലേക്കു കയറിയ ആന ഭാഗ്യത്തിനു തിരക്കുള്ള ഭാഗത്തേക്കു തിരിയാതെ പൂത്തോള്‍ ഭാഗത്തേക്കു പോയി.
റോഡരികില്‍ വച്ചിരുന്ന ബൈക്ക് തവിടുപൊടിയാക്കി മുന്നോട്ടു പോയ ആന സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്തു പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്‌സ് റോഡിലേക്കു കയറി. ഇവിടെയും ഒരു പറമ്പിന്റെ മതില്‍ തകര്‍ത്തു. വീടുകള്‍ക്കിടയിലൂടെ പാഞ്ഞ കൊമ്പന്‍ ഒടുവില്‍ ചതുപ്പു നിറഞ്ഞ പറമ്പിലേക്കു കയറി. ഇവിടെവച്ചു മരങ്ങള്‍ കുത്തി വീഴ്‌ത്തി. വീണ്ടും റോഡിലേക്കു കയറി. മണിക്കൂറുകളോളം വഴി തെറ്റിയതുപോലെ പാഞ്ഞ കൊമ്പന്‍ റോഡരികില്‍ വച്ചിരുന്ന ബൈക്ക് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡോ. ടി.എസ്. രാജീവ്, ഡോ. പി.ബി. ഗിരിദാസ് എന്നിവരടങ്ങുന്ന സംഘമെത്തി മയക്കുവെടി വച്ചു തളയ്‌ക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക് 12നു ദേവസ്വം ആനത്താവളമായ പുന്നത്തൂര്‍ക്കോട്ടയിലാണു മദപ്പാടില്‍ നിന്ന കൃഷ്‌ണ എന്ന കൊമ്പന്‍ ചങ്ങല പൊട്ടിച്ചു തൊട്ടടുത്തു കെട്ടിയിരുന്ന രാമു എന്ന ഒറ്റക്കൊമ്പനെ എട്ടു തവണ കുത്തിയത്. വീണിടത്തുനിന്ന് എണീറ്റ കൊമ്പനെ വീണ്ടും വീണ്ടും കുത്തി വീഴ്‌ത്തിയാണു മദയാന കലിയടക്കിയത്. കൃഷ്‌ണ അക്രമത്തിലേക്കു തിരിയുന്നതു കണ്ടതോടെ ദേവസ്വം വെറ്ററിനറി ഡോക്‌ടര്‍ കെ. വിവേക് മയക്കുവെടി വച്ചെങ്കിലും ആനയുടെ ശൗര്യം കുറയാന്‍ സമയമെടുത്തു.
Discussion about this post