ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. തവാങ്ങിനുസമീപമുള്ള ജങ് വെള്ളച്ചാട്ടത്തിനുസമീപമായി ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടതായാണ്റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെങ്കിലും ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. എന്നാല്‍ പ്രദേശത്ത് പരിശോധനക്കായി സൈനികര്‍ എത്തിക്കഴിഞ്ഞ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ സേനയ്‌ക്കൊപ്പം ഭൂട്ടാന്‍ സൈന്യവും കെമെങ് ജില്ലയിലെ മഞ്ഞുമൂടിയ മേഖലയില്‍ തിരച്ചില്‍ നടത്തി. സമുദ്രനിരപ്പില്‍നിന്ന് 13,700 അടിയോളം ഉയരമുള്ള ദുര്‍ഘട പ്രദേശമാണിത്. കേലയിലുള്ള ആര്‍മി പോസ്റ്റില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് സൈനികര്‍ നീങ്ങുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍ നാലായിരത്തോളം മീറ്റര്‍ ഉയരത്തിലുള്ള കാടുകളില്‍ പ്രതികൂല കാലാവസ്ഥയില്‍ സൈനികര്‍ നടന്നെത്താന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 3500 സൈനികരും ആയിരത്തോളം നാട്ടുകാരുമാണ് വനത്തില്‍ തിരച്ചില്‍ നടത്തുന്നത്. വ്യോമസേനയുടെ രണ്ട് എം.ഐ17 ഹെലിക്കോപ്റ്ററുകള്‍ തവാങ്ങില്‍നിന്ന് രാവിലെ സെല പാസിലേക്ക് പുറപ്പെട്ടെങ്കിലും പ്രതികൂലകാലാവസ്ഥ മൂലം മടങ്ങി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ രണ്ട് കമാന്‍ഡോ പ്ലാറ്റൂണുകളെയും ഡി.ഐ.ജി, എസ്.പി. എന്നിവരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.50നാണ് ദോര്‍ജിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്. പൈലറ്റുമാരായ ജെ.എസ്.ബബാര്‍, ടി.എസ്. മാമിക്, ഖണ്ഡുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദക്, തവാങ് എം.എല്‍.എയുടെ സഹോദരി ലാമു എന്നിവരാണ് മുഖ്യമന്ത്രിയെക്കൂടാതെ ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.
Discussion about this post