തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ ആയിരക്കണക്കിന് മനുഷ്യരെ ദുരിതമുഖത്തു നിന്നും രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആയുഷ് വകുപ്പ് ആദരിക്കും. ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും ആയുഷ് മെഗാ മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും സെപ്റ്റംബര്‍ 15ന് രാവിലെ എട്ട് മുതല്‍ വേളി സെന്റ്തോമസ് ചര്‍ച്ച് ഹാളില്‍ നടക്കും.
തൊഴിലാളികളെ ആദരിക്കലും മെഗാ മെഡിക്കല്‍ ക്യാമ്പും രാവിലെ ഒമ്പതിന് ആയുഷ്, ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും.
ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ ചികിത്സാ വിഭാഗങ്ങളില്‍ നിന്നും 50 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു സൗജന്യമായി മരുന്നുകള്‍ നല്‍കും. ജനറല്‍ ഒ.പി കൂടാതെ ജീവിതശൈലീ രോഗങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള രോഗങ്ങള്‍, തൈറോയ്ഡ്, വന്ധ്യത, ആസ്ത്മ, അലര്‍ജി, നേത്രരോഗങ്ങള്‍, ചെവി, മൂക്ക്, തൊണ്ട രോഗങ്ങള്‍, അസ്ഥി, സന്ധി രോഗങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സ്പെഷ്യാലിറ്റി ഒ.പികളും ക്യാമ്പില്‍ ഉണ്ടായിരിക്കും. രക്തപരിശോധന, കാഴ്ചപരിശോധന എന്നിവയ്ക്കുള്ള സൗകര്യങ്ങളും ക്യാമ്പിലുണ്ടാകും.
Discussion about this post