ന്യൂഡല്‍ഹി: അതിരപ്പിള്ളി, പൂയംകുട്ടി പദ്ധികള്‍ സംബന്ധിച്ച് മാധവ് ഗാഡ്‌ഗില്‍ കമ്മറ്റി അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് അറിയിച്ചു. പദ്ധതികളുടെ അനുമതിയുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്‌ചയിലാണ് മന്ത്രി എ.കെ ബാലനെ ജയറാം രമേശ് ഇക്കാര്യം അറിയിച്ചത്. പശ്‌ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഗാഡ്‌ഗില്‍ കമ്മറ്റി അതിപ്പിള്ളി പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. പദ്ധതിക്ക് അനുമതി നിഷേധിക്കുന്നതിനു ശാസ്‌ത്രീയമായോ സാങ്കേതികമായോ കാരണങ്ങളൊന്നുമില്ലെന്നാണു കെഎസ്‌ഇബിയുടെ വാദം. പ്രദേശത്തെ ജൈവവൈവിധ്യത്തിനു ഭീഷണിയാകുമെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണു പരിസ്‌ഥിതി മന്ത്രാലയം പദ്ധതിക്കെതിരായ നിലപാടു സ്വീകരിച്ചിട്ടുള്ളത്.
അതിരപ്പിള്ളി, പൂയംകുട്ടി പദ്ധതികളെ തകര്‍ക്കാന്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം ശ്രമിക്കുകയാണെന്ന് മന്ത്രി എ.കെ. ബാലന്‍ ആരോപിച്ചു. പദ്ധതികള്‍ നടപ്പാക്കാതിരിക്കാനാണ് മാധവ് ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിവിധ പദ്ധതികള്‍ തടയാനുള്ള ആസൂത്രിത ശ്രമമാണ് കാലങ്ങളായി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര വനം- പരിസ്‌ഥിതി മന്ത്രി ജയറാം രമേശുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്‌ഗില്‍ കമ്മറ്റിയുടെ ആവശ്യമില്ലെന്നും ജൈവ വൈവിധ്യത്തെക്കുറിച്ച് മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിനെ എന്തുകൊണ്ട് അവിശ്വസിക്കുന്നുവെന്നു
വ്യക്‌തമാക്കണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അതിരപ്പിള്ളി, പൂയംകുട്ടി പദ്ധികള്‍ക്ക് അനുമതി നല്‍കേണ്ടിവരുമായിരുന്ന ഈ ഘട്ടത്തില്‍ പുതിയ കമ്മറ്റി രൂപീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാരിസ്‌ഥിതിക പ്രശ്‌നം അവഗണിച്ചുകൊണ്ട് ഇത്തരം പദ്ധതികള്‍ നടപ്പാക്കണമെന്ന അഭിപ്രായമല്ല സംസ്‌ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം വ്യക്‌തമാക്കി. വനം മന്ത്രി ബിനോയ് വിശ്വത്തിന് പദ്ധതിയോട് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post