കൊച്ചി: കന്യാസ്ത്രീയെ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫ്രാങ്കോ മുളക്കല്‍ കേരളത്തില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും സംഘത്തിന് മുന്നാകെ ഹാജരാകണം. ഇതിന് പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷനും കാര്യമായി എതിര്‍ത്തില്ല. കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തരുതെന്നും ബിഷപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്ന റിമാന്‍ഡ് കാലാവധി അവസാനിപ്പിച്ചാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 21നാണ് ബിഷപ്പിനെ കന്യാസ്ത്രീയെ പീഡിപ്പിച്ച വിഷയത്തില്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ട് കൊണ്ട് ഉത്തരവായത്. പാലാ സബ് ജയിലിലായിരുന്നു ബിഷപ്പ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. ആദ്യഘട്ടത്തില്‍ ഒക്ടോബര്‍ ആറ് വരെയാണ് ബിഷപ്പിനെ റിമാന്‍ഡ് ചെയ്തിരുന്നത്. പിന്നീട് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോടതി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു.
Discussion about this post