കൊച്ചി: വിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനിലെത്തുക, എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കലാപത്തിന് ആഹ്വാനം നല്‍കിയതിന്റെ പേരിലാണ് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിട്ടുള്ളത്. എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്‌ലാറ്റിലെത്തി രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിനിടെ രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം രംഗത്തെത്തി. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.













Discussion about this post