ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടില്‍ കനിമൊഴിക്കും കലൈഞ്ജര്‍ ടി.വി എം.ഡി ശരത് കുമാറിനും പങ്കുണ്ടെന്ന് സി.ബി.ഐ. കനിമൊഴി നല്‍കിയ ജാമ്യാപേക്ഷയില്‍ പ്രത്യേക കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
കലൈഞ്ജര്‍ ടി.വിയുടെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് കനിമൊഴിയാണെന്ന് സി.ബി.ഐ വാദിച്ചു. വ്യാജരേഖ ചമച്ചതിലും ഗൂഡാലോചന നടത്തിയതിലും കനിമൊഴിക്കു പങ്കുണ്ട്. രേഖകളില്ലാതെ കലൈഞ്ജര്‍ ടി.വിയുടെ എക്കൗണ്ടുകളിലേയ്ക്ക് പണം കൈമാറിയെന്നും ചാനല്‍ നിയന്ത്രിക്കുന്നത് കനിമൊഴിയല്ലെന്നത് അവിശ്വസനീയമാണെന്നും സി.ബി.ഐ വാദിച്ചു.
കനിമൊഴി കലൈഞ്ജര്‍ ടി.വി.യുടെ വെറുമൊരു ഓഹരിയുടമമാത്രമാണെന്ന് അഭിഭാഷകനായ രാംജേഠ്മലാനി കോടതിയില്‍ ഇന്നലെ വാദിച്ചിരുന്നു. അതിനെ എതിര്‍ക്കുന്നതായിരുന്നു സി.ബി.ഐയുടെ വാദം.
കനിമൊഴിക്ക് 20 ശതമാനം ഓഹരികളേയുള്ളവെന്നും കോര്‍പ്പറേറ്റ് ക്രിമിനല്‍ കേസുകളില്‍ ഓഹരിയുടമകളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നുമായിരുന്നു അദ്ദേഹം വാദിച്ചത്. കലൈഞ്ജര്‍ ടി.വി.യുടെ മാനേജിങ് ഡയറക്ടര്‍ ശരത്കുമാറാണ് സാമ്പത്തികകാര്യങ്ങള്‍ നോക്കിനടത്തിയത്. ശരത്കുമാറിനെപ്പോലെ കനിമൊഴിയെയും സി.ബി.ഐ. കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്നും ജേഠ്മലാനി വാദിച്ചു.
Discussion about this post