നെടുമ്പാശ്ശേരി: പുലര്‍ച്ചെ 4.45ന് ഇന്റിഗോ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ കഴിയുകയാണ്. ആറ് യുവതികളും ഇവരോടൊപ്പമുണ്ട്.
തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യവും പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തി. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മടങ്ങിപ്പോകില്ലെന്നുമുള്ള നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഉടന്‍ പ്രശ്‌നപരിഹാരം വേണമെന്ന് വിമാനത്താവള അധികൃതര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












