ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ നൊബേല്‍ സമ്മാനജേതാവ് രവീന്ദ്രനാഥ് ടാഗോറിന്റെ ബഹുമാനാര്‍ഥം കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്രപുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ടാഗോറിന്റെ 150-ാം ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അന്താരാഷ്ട്രതലത്തില്‍ സമത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ സംഭാവന നല്‍കിയവര്‍ക്ക് ടാഗോര്‍ പുരസ്‌കാരം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ചടങ്ങില്‍ ടാഗോര്‍ സ്മരണയ്ക്കായി രണ്ട് സ്റ്റാമ്പുകള്‍ മാനവശേഷി വികസന വകുപ്പു മന്ത്രി കപില്‍ സിബല്‍ പുറത്തിറക്കി. ശാന്തിനികേതനിലെ ഉപാസന ഗൃഹത്തിലിരുന്ന് ടാഗോര്‍ എഴുതുന്നതും, വാല്‍മീക പ്രതിഭ എന്ന നാടകത്തില്‍ അഭിനയിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രരചനയും ഉള്‍പ്പെടുത്തിയാണ് സ്റ്റാമ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ടാഗോര്‍ നിലകൊണ്ട ആശയങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ എല്ലാ വര്‍ഷവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് കണ്ടെത്തുക. ടാഗോറിന്റെ ജന്മദിനാഘോഷം കഴിയുന്നതിനു മുമ്പുതന്നെ ആദ്യ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പ്രത്യാശിച്ചു.
സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നേരത്തേ കേന്ദ്രം ആവിഷ്‌കരിച്ച സാംസ്‌കാരിക സമുച്ചയ പദ്ധതി ടാഗോര്‍ സാംസ്‌കാരിക സമുച്ചയ പദ്ധതി എന്ന പേരില്‍ നവീകരിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി അറിയിച്ചു. സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ കല, സംഗീതം, നൃത്തം, നാടകം, സാഹിത്യം തുടങ്ങിയ മേഖലകളിലെ വികസനം ലക്ഷ്യമാക്കിയായിരിക്കും ഈ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുക.
അതിനിടെ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് പരിഗണിച്ചില്ല.












Discussion about this post