ന്യൂഡല്‍ഹി: അയോധ്യാ ശ്രീരാമജന്മഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവിധ ഹിന്ദു-മുസ്ലീം സംഘടനകള്‍ നല്‍കിയ ഹര്‍ജികളിന്മേലുള്ള വാദം സുപ്രീംകോടതിയില്‍ ഇന്ന് ആരംഭിക്കും. 2.77 ഏക്കര്‍ തര്‍ക്കപ്രദേശം മൂന്നായി പങ്കുവെച്ചുകൊണ്ടുള്ള നിര്‍ണായകമായ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് വിവിധ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അഖിലഭാരതീയ ഹിന്ദുമഹാസഭ, നിര്‍മോഹി അഖാഡ, ജമാ അത്ത് ഉലമ ഇ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നീ സംഘടനകളാണ് ഹര്‍ജിക്കാര്‍. ഇവരെ കൂടാതെ രാംലാലക്കുവേണ്ടിയും ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍.എം. ലോധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി വിധി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വഖഫ് ബോര്‍ഡും ജമാ അത്ത് ഉലമ ഇ ഹിന്ദും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലല്ല, വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയെന്നാണ് അവരുടെ വാദം. അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലം രാമജന്മഭൂമിതന്നെ എന്ന ഹൈക്കോടതിയുടെ തീരുമാനം തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
രാമജന്മഭൂമിക്ക് മേല്‍ സംയുക്താവകാശം ഉന്നയിച്ച് ഒരു കക്ഷിയും ഹൈക്കോടതിയെ സമീപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പങ്കുവെക്കല്‍ വേണമെന്ന ആവശ്യവും ഉയരുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. അയോധ്യ ശ്രീരാമജന്മഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം മുസ്ലീങ്ങള്‍ക്ക് നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യംചെയ്തുകൊണ്ടാണ് ഹിന്ദുമഹാസഭ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് സെപ്തംബര്‍ 30 ന് പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസ് ധരംവീര്‍ ശര്‍മയുടെ അഭിപ്രായം മുഴുവന്‍ ഭൂമിയും ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നതായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
Discussion about this post