തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി നാലുനാളുകള്‍ മാത്രം. പതിമൂന്നിന് വെള്ളിയാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍. ഉച്ചയ്ക്കു മുന്നേ സംസ്ഥാനത്തെ മുഴുവന്‍ ഫലങ്ങളും അറിയാനാകും. വോട്ടെണ്ണലിനോടനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുക. വോട്ടെണ്ണലിന് വിപുലമായ ഒരുക്കങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ളത്. 64 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
വോട്ടെണ്ണലിന്റെ പുരോഗതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റ് വഴി അപ്പപ്പോള്‍ അറിയിക്കാന്‍ സംവിധാനമുണ്ട്. നാളത്തോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണരീതിയില്‍ സജ്ജമാകും. ഉദ്യോഗസ്ഥന്മാരുടെ പരിശീലന പരിപാടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിന് അരമണിക്കൂറിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം പോസ്റ്റല്‍വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ ഇവ വീണ്ടും പരിശോധിക്കും. നിരീക്ഷകന്റെയും റിട്ടേണിങ് ഓഫീസറുടെയും സാന്നിധ്യത്തിലായിരിക്കും പോസ്റ്റല്‍വോട്ടുകള്‍ വീണ്ടും എണ്ണുക. വോട്ടിംഗ് മെഷീനുകള്‍ വോട്ടണ്ണെല്‍ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ശന പരിശോധയ്ക്കുശേഷമേ ഉദ്യോഗസ്ഥരെപ്പോലും വോട്ടെണ്ണല്‍കേന്ദ്രത്തിലേക്ക് കടത്തിവിടുകയുള്ളൂ. വോട്ടെണ്ണല്‍കേന്ദ്രത്തില്‍ നിരീക്ഷകര്‍മാത്രമേ മൊബെയില്‍ഫോണ്‍ ഉപയോഗിക്കാവൂ എന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിനം അടുക്കുന്തോറും മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നെഞ്ചിടിപ്പ് ഏറുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും നടത്തിയ അവകാശവാദങ്ങള്‍ എത്രമാത്രം ശരിയാണെന്നറിയാനുള്ള ദിവസമാണ് അടുത്തു വരുന്നത്. കേരളത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് ഇടതുമുന്നണിയും ഭരണം തിരികെ പിടിക്കുമെന്ന് യുഡിഎഫും അവകാശം ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ മാസം പതിമൂന്നിനാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളായ തമിഴ്‌നാട്, പുതുച്ചേരി, ആസ്സാം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ പതിമൂന്നിന് നടക്കും. മറ്റു സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
സാമ്പത്തിക അഴിമതി തടയുന്നതിനും അക്രമങ്ങള്‍ തടയുന്നതിനും കമ്മീഷന്റെ ഇടപെടലുകള്‍ സഹായിച്ചു. ചില ഏജന്‍സികളും മാധ്യമങ്ങളും എക്സിറ്റ്പോള്‍ സര്‍വെകള്‍ നടത്തിയിട്ടുണ്ടെങ്കിലും എല്ലാ ഘട്ടത്തിലെയും തെരഞ്ഞെടുപ്പുകഴിഞ്ഞുമാത്രമേ പുറത്തു വിടുകയുള്ളു. കമ്മീഷന്റെ നിയന്ത്രണത്തെ തുടര്‍ന്നാണിത്. നാളെയാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. നാളെ വൈകിട്ടോടെ എക്സിറ്റ്പോള്‍ ഫലങ്ങളും പുറത്തു വരും.
Discussion about this post