ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഭൂമി മൂന്ന് തുല്യഭാഗങ്ങളാക്കി ഹിന്ദുക്കള്‍ക്കും, മുസ്‌ലിങ്ങള്‍ക്കും, സന്ന്യാസി സമൂഹമായ നിര്‍മോഹി അഖാഡയ്ക്കുമായി വിഭജിച്ച് നല്‍കണമെന്ന വിധിയാണ് പരമോന്നത നീതിപീഠം സ്റ്റേ ചെയ്തത്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച കക്ഷികളിലാരും ആവശ്യപ്പെടാത്ത തീര്‍ത്തും വിചിത്രമായ ഒരു വിധിപ്രസ്താവമാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്നും ജസ്റ്റീസ്മാരായ അഫ്താബ് അലം, ആര്‍.എം ലോധ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു. കേസില്‍ ഉള്‍പ്പെട്ട ഒരു കക്ഷിയും ഭൂമി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന കാര്യം ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. തര്‍ക്കസ്ഥലത്ത് 1993ല്‍ നിലനിന്ന സ്ഥിതി തുടരണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസ് തീര്‍പ്പാക്കിയവേളയില്‍ അലഹബാദ് ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസുമാരായ എസ്.യു.ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡി.വി. ശര്‍മ എന്നിവര്‍ വ്യത്യസ്ത വിധിന്യായങ്ങളാണ് തയ്യാറാക്കിയത്. ജസ്റ്റിസുമാരായ ഖാനും അഗര്‍വാളും സമാനമായ തീര്‍പ്പുകളിലെത്തിയപ്പോള്‍ ജസ്റ്റിസ് ശര്‍മയുടെ നിരീക്ഷണങ്ങള്‍ വ്യത്യസ്തമായിരുന്നു. ഒടുവില്‍ ഭൂരിപക്ഷ തീരുമാനപ്രകാരം വിധി പ്രസ്താവം നടത്തുകയായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 30നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രഖ്യാപനം.
Discussion about this post