ന്യൂദല്‍ഹി: ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളുടെ പേരിലുള്ള കുറ്റം ലഘൂകരിച്ച ഉത്തരവ് പുനഃപരിശോധിക്കില്ലെന്നും നരഹത്യാ കുറ്റം ചുമത്തുന്നതിന് നേരത്തേയുള്ള വിധി തടസമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ പ്രതികള്‍ക്കെതിരെയുള്ള നരഹത്യാകുറ്റം അശ്രദ്ധ മൂലമുള്ള മരണമെന്നാക്കി മാറ്റണമെന്ന് 1996ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ശിക്ഷ പുന:പരിശോധിക്കണമെന്ന സി.ബി.ഐയുടെ ഹര്‍ജിയില്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസുമാരായ അല്‍ത്താമസ് കബീര്‍, ആര്‍.വി.രവീന്ദ്രന്‍, ബി. സുദര്‍ശന്‍ റെഡ്‌ഡി, അഫ്‌താബ് അലം എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.
ദുരന്തം നടന്ന് 14 വര്‍ഷത്തിന് ശേഷം തെറ്റുതിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ച സി.ബി.ഐയുടെ നടപടിയെയും സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 1996ല്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്താനാവില്ലെന്ന വിധി പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ അന്വേഷണ ഏജന്‍സികളോ മധ്യപ്രദേശ് സര്‍ക്കാരോ ഇതിനെ ചോദ്യം ചെയ്ത് ഇത്രയും കാലം സമീപിച്ചില്ലെന്നും കോടതി നീരീക്ഷിച്ചു.
സുപ്രീം കോടതിയില്‍ മാത്രമല്ല വിചാരണക്കോടതിയിലും ഇത്തരം വാദം ആരും ഉയര്‍ത്തിയില്ല. കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കു ലഭിച്ചിരുന്നെങ്കില്‍ അവര്‍ക്കു കോടതിയെ സമീപിക്കാമായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ പതിനാലു വര്‍ഷത്തിനു ശേഷം ഉത്തരവു തിരുത്തണമെന്നു കാട്ടി ഹര്‍ജി നല്‍കുന്നതില്‍ അര്‍ഥമില്ലെന്നും കോടതി വ്യക്തമാക്കി. പ്രധാനമായും മധ്യപ്രദേശ് സര്‍ക്കാരിന്റെയും സിബിഐയുടെയും ഭാഗത്തുനിന്നുള്ള വീഴ്ചയാണു കോടതി ചൂണ്ടിക്കാണിച്ചത്. അതേസമയം ഹര്‍ജി തള്ളിയെങ്കിലും ഇനിയും നരഹത്യക്കുറ്റം ചുമത്താം എന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിചാരണക്കോടതിയില്‍ പ്രതികള്‍ക്കെതിരായ കുറ്റം ഉയര്‍ത്താന്‍ അന്വേഷണഏജന്‍സിക്കു കഴിയും. ഇതോടെ കൂടുതല്‍ ശിക്ഷയ്ക്കു വേണ്ടി വാദിക്കാനാകും.
Discussion about this post