തിരുവനന്തപുരം: തന്റെ ഒരു ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ച് നല്‍കിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് മുഖ്യന്ത്രി വി.എസ്.അച്യുതാനന്ദന്‍. കഴിഞ്ഞ കാലങ്ങളിലെപ്പോലെ ഏത് കാര്യവും തന്നെ വിമര്‍ശിക്കുന്നതിന് ഉപയോഗിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ അത്തരം നടപടികളിലൊന്ന് മാത്രമാണ് ഇപ്പോഴത്തേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആരോപണങ്ങള്‍ ചില മാധ്യമങ്ങളും ഏറ്റെടുത്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എഴുതുകയാണ് ചെയ്തിട്ടുള്ളത്. ഇടതുമുന്നണി മന്ത്രിസഭയുടെ അവസാനത്തെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വിമുക്തഭടന്‍മാര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ നിയമമുണ്ട്. ഇതനുസരിച്ച് 1977ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പതിച്ചുനല്‍കിയ ഭൂമിയാണ് ഇപ്പോള്‍ വിവാദ പുരുഷനായ വ്യക്തിയുടെ കൈവശമുള്ളത്. ഇപ്പോഴത്തെ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും മറ്റും അതുമായി ബന്ധപ്പെട്ടവര്‍ തന്നെ നോക്കിക്കൊള്ളും. അതില്‍ തനിക്ക് കാര്യമൊന്നുമില്ലെന്ന് വി.എസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സര്‍വേകളെക്കുറിച്ച് ചോദ്യച്ചപ്പോള്‍ അതെല്ലാം മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യുന്നുവെന്നേയുള്ളൂവെന്നും മെയ് 13ന് എല്ലാ ഫലങ്ങളും കൃത്യമായി അറിയാമെന്നും വി.എസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മന്ത്രിസഭയോട് നല്ല രീതിയില്‍ സഹകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Discussion about this post