തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ (ജനുവരി 15) കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം പരിപാടികളില്‍ പങ്കെടുക്കും.
15ന് വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെനിന്ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കും. തുടര്‍ന്ന് 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഏഴുമണിക്ക് തിരുവനന്തപുരത്ത് എത്തും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം രാത്രി 7.15 ന് നിര്‍വഹിച്ചശേഷം അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തും. രാത്രി എട്ടുമണിക്ക് എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് അദ്ദേഹം ഡെല്‍ഹിയിലേക്ക് മടങ്ങും.












