തിരുവനന്തപുരം: പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭവ്യക്തിത്വങ്ങളെ അടുത്തറിയാനും അവരുടെ പരിജ്ഞാനം പ്രയോജനപ്പെടുത്താനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ് സമ്മിറ്റ് നടത്തുന്നു. ഫെബ്രുവരി 10ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി. ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം.എസ്. വല്യത്താന്‍, ഡോ. സന്ദീപ് പി.ത്രിവേദി, ഡോ. സൗമ്യ സ്വാമിനാഥന്‍, ഡോ. എന്‍. ആര്‍.മാധവമേനോന്‍, സൗദാബി.എന്‍, ഡോ.എല്‍.എസ്.ഗണേഷ്, ഡോ.വി.ആര്‍.ലളിതാംബിക തുടങ്ങിയവര്‍ വിദ്യാര്‍ഥികളോട് സംവദിക്കും. 12 മേഖലകളിലായാണ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ടോണിക്സ്, ഇലക്ടിക്കല്‍, മെക്കാനിക്കല്‍, സിവില്‍ എന്നിവയും അനുബന്ധവിഷയങ്ങളും മെഡിസിന്‍, ബി.ഫാം, നേഴ്സിംഗ്, ഡെന്റല്‍, ആയുര്‍വേദ, ഹോമിയോപ്പതി, നിയമം, ഫിഷറീസ്, വെറ്ററിനറി അഗ്രിക്കള്‍ച്ചര്‍, മാനേജ്മെന്റ് എന്നീ മേഖലകളെയാണ് വിദ്യാര്‍ഥികള്‍ പ്രതിനിധീകരിക്കുന്നത്.
സമ്മിറ്റിന്റെ വെബ്സൈറ്റും ലോഗോയും മന്ത്രി ഡോ.കെ.ടി.ജലീല്‍ പ്രകാശനം ചെയ്തു. അസാപ് (അഡീഷണല്‍ സ്്കില്‍ അക്വസിഷന്‍ പ്രോഗ്രാം) ആയിരിക്കും പരിപാടിയുടെ നോഡല്‍ ഏജന്‍സി.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റീത്ത എസ്. പ്രഭ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












