തിരുവനന്തപുരം: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയു വേഗം നടപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യ കാബിനറ്റില്‍തന്നെ പ്രധാനപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമൊന്നുമില്ലെന്നും അവരുടെ ആവശ്യങ്ങള്‍ അറിയിക്കുകമാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
മുഖ്യമന്ത്രിയെ കൂടാതെ കോണ്‍ഗ്രസ്സിന് ഒമ്പതും മുസ്‌ലിം ലീഗിന് നാലും കേരള കോണ്‍ഗ്രസ്സി (എം) ന് രണ്ടും മന്ത്രിസ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ് (പിള്ള), ആര്‍.എസ്.പി. എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. 20 അംഗ മന്ത്രിസഭയായിരിക്കും യു.ഡി.എഫ്. രൂപവത്കരിക്കുക
പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.പി.മോഹനന്‍, ടി.എം.ജേക്കബ്ബ്, കെ.ബി.ഗണേഷ്‌കുമാര്‍, ഷിബു ബേബിജോണ്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഒരുദിനം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പും സംബന്ധിച്ച ധാരണയിലേക്കെത്തിയത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. മൂന്ന് മന്ത്രിമാര്‍ വേണമെന്ന ആവശ്യത്തില്‍ കെ.എം.മാണി ഉറച്ചുനിന്നപ്പോള്‍ മന്ത്രിവിഹിതം സംബന്ധിച്ച ചര്‍ച്ച പലകുറി വഴിമുട്ടി.
ഇതിനിടെ ലീഗ് നേതാക്കളായ ഇ. അഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചര്‍ച്ചയ്‌ക്കൊപ്പം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്സിന് മൂന്ന് മന്ത്രിസ്ഥാനം നല്‍കിയാല്‍ തങ്ങള്‍ക്ക് ഒരെണ്ണംകൂടി കൂട്ടി അഞ്ച് മന്ത്രിസ്ഥാനം നല്‍കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ കേന്ദ്രീകരണം ഇപ്പോള്‍തന്നെ യു.ഡി.എഫില്‍ കൂടുതലായതിനാല്‍ നിലവിലുള്ള ഫോര്‍മുലയ്ക്കപ്പുറം പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഈ ദിശയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലീഗും കേരള കോണ്‍ഗ്രസ്സും ആവശ്യപ്പെടുന്ന രീതിയില്‍ മന്ത്രിസ്ഥാനം നല്‍കിയാല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ കൂടിയാകുമ്പാള്‍ 20 അംഗ മന്ത്രിസഭയില്‍ 12 പേരും ന്യൂനപക്ഷമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Discussion about this post