കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ എട്ടിലേക്ക് മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വിശദീകരണം കേട്ടശേഷമാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയുക. കഴിഞ്ഞ ദിവസമാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സമാന ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് ദിലീസ് ഡിവിഷന്‍ ബെഞ്ചില്‍ എത്തിയത്. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ പോലീസ് തന്നെ പ്രതിയാക്കിയതെന്നും അതിനാല്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.












