തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാപ്ലാന്‍ തയ്യാറായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പോലീസ് അധികാരികളും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് അന്തിമ സുരക്ഷാപ്ലാന്‍ തയ്യാറാക്കിയത്.
തീവ്ര പ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതല്‍ അര്‍ധ സൈനിക വിഭാഗം ഉദ്യോഗസ്ഥരെയും കേരള പോലീസ് സേനാംഗങ്ങളെയും നിയോഗിക്കും. സംസ്ഥാന പോലീസിനുപുറമേ, സംസ്ഥാനവ്യാപകമായി 57 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിന്യസിക്കുന്നത്. ഇതിനുപുറമേ, തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് 2000 പോലീസ് ഉദ്യോഗസ്ഥരെ അധികമായി എത്തിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായിട്ടുണ്ട്.
മുന്‍കാലചരിത്രം കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ജില്ലയില്‍ ആകെയുള്ള 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്ര പ്രശ്നബാധിതബൂത്തുകളാണ്. 611 പ്രശ്നസാധ്യതാ ബൂത്തുകളും 24 കുറവ് പ്രശ്ന സാധ്യതയുള്ള ബൂത്തുകളുമുണ്ട്. 39 ബൂത്തുകള്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയിലുമാണ്. ഇവിടങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. പൊതു നിരീക്ഷകന്‍, പോലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍ എന്നിവരുടെ നിരീക്ഷണം ഇവിടെ ശക്തമായുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.
കൂടാതെ തീവ്ര പ്രശ്നബാധിത, പ്രശ്നസാധ്യതാ ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിക്കും. ഇവരെ പൊതു നിരീക്ഷകരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും വിന്യസിക്കുക.
Discussion about this post