തിരുവനന്തപുരം: ‘മാതൃഭൂമി’ ലേഖകന്‍ വി.ബി.ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുഖ്യപ്രതി ഡിവൈഎസ്പി സന്തോഷ് എം.നായരെ ഇന്നലെ വൈകിട്ട് ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കി. പ്രതിയെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്ന് കോടതി 14 ദിവസത്തേക്ക് റിമാന്റു ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കൊല്ലം ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈഎസ്പിയാണ് സന്തോഷ് നായര്‍.
ഉണ്ണിത്താന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ട് ദിവസം മുമ്പ് സന്തോഷ് നായരെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കൊച്ചിയിലുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ അറസ്റ്റിന്റെ നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ട് 5 മണിയോടെയാണ് സന്തോഷ് നായരെ ശാസ്താംകോട്ട കോടതിയില്‍ കൊണ്ടുവന്നത്. കോടതി പിരിഞ്ഞിരുന്നതിനാല്‍ പ്രത്യേക കേസായി പരിഗണിച്ച് മജിസ്ട്രേറ്റ് ഹരി ആര്‍.ചന്ദ്രന്‍ കോടതിയിലെത്തി. പത്തു മിനിറ്റുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 4വരെ പ്രതിയെ റിമാന്റു ചെയ്തു.
പ്രതിഭാഗം വക്കീലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സെന്‍ട്രല്‍ ജയിലിലേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതി എഴുകോണ്‍, കൊട്ടാരക്കര, കൊല്ലം സ്റ്റേഷനുകളില്‍ സിഐ ആയി ജോലി ചെയ്തതിനാല്‍ കൊല്ലം കൊട്ടാരക്കര സബ്ജയിലുകളില്‍ ശത്രുക്കള്‍ ഉണ്ടാകുമെന്നും അതിനാല്‍ ഇവിടേക്ക് റിമാന്റു ചെയ്യരുതെന്നും സന്തോഷ്ണായര്‍ക്കു വേണ്ടി ഹാജരായ അഡ്വ.വരിഞ്ഞം രാമചന്ദ്രന്‍നായര്‍ കോടതിയോട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് 5.15ഓടെ ക്രൈംബ്രാഞ്ച് സംഘം സന്തോഷ്ണായരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. വന്‍ജനക്കൂട്ടവും സംഘര്‍ഷമുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹവും കോടതി പരിസരത്തുണ്ടായിരുന്നു.
തനി ഓഫീസറുടെ ഗൗരവത്തില്‍ ഒരു കൂസലുമില്ലാതെയായിരുന്നു ഇന്നലെ ശാസ്താംകോട്ട കോടതിയില്‍ കൊണ്ടുവന്ന ഡിവൈഎസ്പി സന്തോഷ് നായരുടെ ഭാവം. പ്രതിക്ക് വിലങ്ങ് അണിഞ്ഞിരുന്നില്ല. നടപടികള്‍ക്കു ശേഷം പ്രതിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ പുറത്തു കൂടിനിന്നവര്‍ പ്രകോപിതരായത് അല്‍പനേരം സംഘര്‍ഷത്തിന് ഇടനല്‍കി. തുടര്‍ന്ന് ഒരുവിധത്തില്‍ ജനക്കൂട്ടത്തെ തള്ളിമാറ്റിയാണ് സന്തോഷ് നായരുമായി പോലീസ് വാഹനം കോടതിക്ക് പുറത്തേക്ക് പോയത്.
വൈകിട്ട് 5ന് കോടതിവാതിലിന് തൊട്ടുമുന്നില്‍ തന്നെ പോലീസ് വാഹനത്തില്‍ കൊണ്ടുവന്ന സന്തോഷ്ണായര്‍ക്ക് ചുറ്റും പോലീസ് സംഘം വലയമുണ്ടാക്കിയ ശേഷമാണ് കോടതിക്കകത്തേക്ക് കൊണ്ടുവന്നത്. പ്രതിയെ കോടതിക്കുള്ളിലാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചേംബറില്‍ നിന്നും മജിസ്ട്രേറ്റ് കോടതിയിലെത്തി. ക്രൈംബ്രാഞ്ച് കേസ് 100/2011 എന്ന് പറഞ്ഞ് കേസ് വിളിച്ചു തുടങ്ങിയതോടെ നടപടിക്രമങ്ങള്‍ തുടങ്ങി.
Discussion about this post